'പള്‍സർ സുനിക്ക് ജീവന്‍ വേണമെങ്കില്‍ ജയിലില്‍ കഴിയുന്നതാണ് നല്ലത്: ഈ കേസ് ഇല്ലാതാവുന്ന സ്ഥിതിയുണ്ട്'
ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പള്‍സർ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കൊടതി തള്ളിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാല്‍ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് നേരത്തെ തന്നെ നിരീക്ഷിച്ച ഹൈക്കോടി സുനിയുടെ ആവശ്യം തള്ളി. കേസ് നീണ്ടുപോവുകയാണെങ്കില്‍ ഹൈക്കോടതിയില്‍ ജാമ്യം തേടാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. അതേസമയം പള്‍സർ സുനി പുറത്ത് വന്നിട്ട് ഇപ്പോള്‍ എന്ത് കാര്യമാണ് ഉള്ളതെന്നാണ് പ്രമുഖ അഭിഭാഷകയായ ടിബി മിനി ചോദിക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ദിലീപും പള്‍സർ സുനിയും പ്രതിയായ കേസ്
പള്‍സർ സുനി ഇപ്പോള്‍ പുറത്ത് വന്നിട്ട് എന്ത് കാര്യമാണുള്ളത്. സ്വന്തം ജീവന് രക്ഷ വേണ്ടതുണ്ടെങ്കില്‍ അകത്ത് കഴിയുകയല്ലേ വേണ്ടത്. കേസില്‍ ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂർത്തിയായോ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം നല്‍കാനാവില്ല. അക്കാര്യത്തില്‍ കോടതിയാണ് മറുപടി പറയേണ്ടത്. ഒരു അതിജീവിതയുടെ പക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ എന്ന നിലയില്‍ പള്‍സർ സുനി ഇപ്പോള്‍ പുറത്ത് വരേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും ടിബി മിനി പറയുന്നു.

എന്റെ അഭിപ്രായത്തില്‍ പള്‍സർ സുനി ഇപ്പോള്‍ പുറത്ത് വരേണ്ട യാതൊരു കാര്യവുമില്ല. അയാള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അത്ര നിസ്സാരമായിട്ടുള്ള കാര്യമല്ല. മനുഷ്യാവകാശമൊക്കെ നമുക്ക് പറയാം. പക്ഷെ ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്ത ആളെ പുറത്തേക്ക് കൊണ്ടുവരാന്‍ വേണ്ടി ദുരുപയോഗപ്പെടുത്തരുത്. പലരും വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഈ കാര്യങ്ങള്‍.

ഒന്നാം പ്രതിയായ പള്‍സർ സുനി
ഒന്നാം പ്രതിയായ പള്‍സർ സുനി തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. 120 ബി എന്ന വകുപ്പ് കിടക്കുന്നത് പള്‍സർ സുനിയെ ഡിപ്പന്‍ഡ് ചെയ്താണ്. അയാള്‍ ജാമ്യം നേടി പുറത്ത് വരികയും എന്തെങ്കിലും ആപത്ത് പറ്റുകയും ചെയ്താല്‍ പിന്നീട് ഈ കേസ് നിലനില്‍ക്കില്ല. അങ്ങനെയുള്ള ഒരാള്‍ ഇപ്പോള്‍ എന്തിനാണ് പുറത്ത് വരുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായിട്ടാണ് നടക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത പരാതി മുതല്‍ എല്ലാ കേസുകളിലും എല്ലാ പ്രവാശ്യവും ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാവാറുണ്ട്. അത്ര ഗൌരവപരമായിട്ട് തന്നെയാണ് സർക്കാർ ഇപ്പോള്‍ ഈ കേസിനെ കാണുന്നത്.

ചിലർ തരികിട കാണിക്കാന്‍ ശ്രമിക്കുന്നു
ഈ കേസുമായി ബന്ധപ്പെട്ട് അതിജീവിത കൊടുത്ത പരാതി അവിടെ പെന്‍ഡിങ്ങായി കിടക്കുന്നുണ്ട്. സർക്കാറിന്റെ ഭാഗത്ത് നിന്നുമുളള ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇര കൊടുത്തൊരു കേസായിരുന്നു. അതിന് ശേഷം ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ, പ്രത്യേകിച്ച് ഷാജി സാറിന്റെ ഓഫീസില്‍ നിന്നും നല്ല സഹകരമാണ് ഉണ്ടായത്. ആ ഓഫിസുമായി ബന്ധപ്പെട്ട ചിലർ തന്നെ അതിനകത്ത് തരികിട കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അഭിഭാഷക ആരോപിക്കുന്നു.

അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും നേരത്തെ ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ അത് പല സമയത്തും പറഞ്ഞിട്ടുണ്ട്. എന്റെ ഹർജിയിലും അത് നിലനിർത്തുന്നു. നമ്മള്‍ വെറുതെ എന്തെങ്കിലും പറയുന്നതല്ല. തെളിവുകളുടേയും കൃത്യമായ ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ പറയുന്നതാണ്. എന്നെ സംബന്ധിച്ച് രാഷ്ട്രീയപരമായും ഈ ഇടത് സർക്കാറിനെതിരെ ഒന്നും ചെയ്യേണ്ട ആളല്ല ഞാന്‍.

ആ പെണ്‍കുട്ടിക്ക് മാത്രമല്ല, നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാകുന്ന എല്ലാവർക്കും നീതി കിട്ടണമെന്ന ഒരു വിഷയം കൂടി ഇതിലുണ്ടുണ്ട്. ആദ്യത്തെ രീതിയിലാണ് കേസും വിചാരണയും പോയിരുന്നതെങ്കില്‍ ഒരു എത്തും പിടിയും ഇല്ലാത്ത രീതിയില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായേനെ. എന്നാല്‍ ഇന്നിപ്പം തുടരന്വേഷണം നടക്കുകയും പുതിയ തെളിവുകള്‍ വരികയും ചെയ്തുവെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications