നടിയെ ആക്രമിച്ച കേസ്: ഗുരുതര ആരോപണവുമായി ഇപി ജയരാജൻ, പ്രത്യേക താൽപര്യമുണ്ടോ? അപവാദ പ്രചരണം
കൊച്ചി: സർക്കാരിന് എതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കൊണ്ട് അതിജീവിത കോടതിയെ സമീപിച്ചതിന് പിന്നാലെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ഇപി ജയരാജന്റെ പ്രതികരണം.
യുഡിഎഫ് സ്വീകരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നും ഇപി ജയരാജൻ ആരോപിച്ചു. ഭരണകക്ഷിയിലെ ചിലരുമായുളള ദിലീപിന്റെ അവിശുദ്ധ ബന്ധം കാരണം കേസ് അട്ടിമറിക്കപ്പെടുകയാണ് എന്നാണ് അതിജീവിതയുടെ ആരോപണം.

ഇപി ജയരാജന്റെ വാക്കുകൾ ഇങ്ങനെ: '' ഇടതുപക്ഷ ജനാധിപത്യ മുന്നണി നയമാണ് സ്ത്രീകളെ സംരക്ഷിക്കുക എന്നത്. ഈ കേസിലെ പ്രതികളേയും അവരുടെ പിന്നിലുളള രാഷ്ട്രീയവും ജനങ്ങള്‍ മനസ്സിലാക്കും. അതൊന്നും മാന്യമായ രാഷ്ട്രീയം അല്ലാത്തത് കൊണ്ട് പറയാതിരിക്കുന്നതാണ് ഇപ്പോള്‍. ദിലീപും ആരുമായിട്ടാണ്, ഏത് രാഷ്ട്രീയപാര്‍ട്ടിയുമായിട്ടാണ് ബന്ധം എന്ന് ജനങ്ങള്‍ക്ക് അറിയാം.

'തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏത് വൃത്തികേടും പ്രചരിപ്പിക്കാന്‍ മടിക്കാത്ത കൂട്ടരാണ് യുഡിഎഫ്. ഇതെല്ലാം കോടതിയിലുളള വിഷയമാണ്. കോടതി പരിശോധിക്കട്ടെ. യുഡിഎഫിനെ പോലെ ഇരയെ വേട്ടയാടുന്നവരല്ല തങ്ങള്‍. യുഡിഎഫ് സ്വീകരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു കേസിലും സര്‍ക്കാര്‍ വഴിവിട്ട് ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്ക്, കോടതി കോടതിയാണ്. യുഡിഎഫ് അല്ല എല്‍ഡിഎഫ്, കോണ്‍ഗ്രസ് അല്ല സിപിഎം'.

'അതിജീവിതയുടെ പുതിയ ആരോപണങ്ങള്‍ സര്‍ക്കാരിന് പ്രതികൂലമായി വരേണ്ട ഒരു സാഹചര്യവും ഇല്ല. ഇടതുപക്ഷ സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നവരാണ്, ശക്തമായി നടപടികള്‍ സ്വീകരിക്കുന്നവരാണ്. നിയമവ്യവസ്ഥ അനുസരിച്ചുളള കാര്യങ്ങള്‍ പോലീസ് സ്വീകരിക്കും'.

'കോടതിയില്‍ ഹര്‍ജി ആര്‍ക്കും നല്‍കാം. അതിന് പിന്നില്‍ എന്തെങ്കിലും താല്‍പര്യങ്ങളുണ്ടോ എന്ന് പരിശോധിക്കണം. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയുടെ ശ്രദ്ധ തിരിച്ച് വിടാന്‍ ഒന്നും പറയാന്‍ ഇല്ലാത്തവര്‍ പുതിയ രംഗത്തേക്ക് കടന്ന് പോകാന്‍ വഴി തേടുന്നുണ്ടാകാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ത്രീകളുടേയും കുട്ടികളുടേയും ജനങ്ങളുടേയും സുരക്ഷ ഉറപ്പ് വരുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കുറ്റാന്വേഷണ രംഗത്ത് കേരളം ഒന്നാമതാണ്'.

'കോടതിയില്‍ ഉളള കേസിനെ സംബന്ധിച്ച് പറയുന്നില്ല. അത് കോടതി പറയട്ടെ. യുഡിഎഫുകാര്‍ ഒന്നും പറയാനില്ലാത്തവരാണ്. അപരനെ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നെ എത്തിയത് ബിജെപി ഓഫീസിലാണ്. ബിജെപിയുമായുളള ധാരണയുടെ അടിസ്ഥാനത്തിലാണ്. കുമ്മനം അടക്കമുളള പ്രധാന നേതാക്കളുളള ഓഫീസിലേക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പോയത്. എവിടെ എത്തി അവരുടെ ദയനീയാവസ്ഥ എന്ന് നോക്കണം'.

കോടതിയെ ആര്‍ക്കും സമീപിക്കാം, പരാതികള്‍ നല്‍കാം. തൃക്കാക്കരയില്‍ ഇത് ബാധിക്കില്ല. ഇടത് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് അറിയാം. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കില്‍ ഗൗരവമായി എടുക്കും. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല എന്നും ഇപി ജയരാജന്‍ പറഞ്ഞു. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത് എന്നും കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അറിയില്ലെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.












Click it and Unblock the Notifications