'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കാവ്യാ മാധവന് കൈമാറി എന്നതടക്കം സംവിധായകൻ ബാലചന്ദ്ര കുമാർ പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്ന് രാഹുൽ ഈശ്വർ. പോലീസ് കാവ്യയെ കേസിലേക്ക് വലിച്ചിഴച്ചത് കേസ് തോൽക്കുമെന്ന് ഉറപ്പുളളത് കൊണ്ടാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ദിലീപ് കേസുമായി ബന്ധപ്പെട്ട ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.
സിനിമയിൽ ദിലീപിനോട് അസൂയയും കുശുമ്പും ഉളളവർ അദ്ദേഹത്തെ കരിവാരി തേക്കുക എന്ന ഉദ്ദേശമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: ''കാവ്യാ മാധവനെ സംബന്ധിച്ച് ബാലചന്ദ്ര കുമാര്‍ കള്ളം പറയുകയാണ്. പച്ചക്കള്ളമാണ് ഉളുപ്പില്ലാതെ പറയുന്നത്. അര്‍ധസത്യങ്ങള്‍ പറഞ്ഞ് സിനിമ ചെയ്യാത്തതിലുളള വിരോധം ദിലീപിനോട് തീര്‍ക്കുകയാണ്. 18 ലക്ഷം രൂപ പുള്ളി രണ്ട് പേരില്‍ നിന്ന് വാങ്ങിയിരുന്നു. ദിലീപിനോട് പറഞ്ഞു തന്റെ സിനിമ ചെയ്യുമെന്ന് കള്ളം പറയണമെന്ന്, കാരണം കടം വീട്ടാന്‍ കുറച്ച് കൂടി സമയം ലഭിക്കും.

ദിലീപ് അത് ചെയ്യാന്‍ സമ്മതിച്ചില്ല. അതിലുളള പ്രതികാരമാണ്. മറ്റൊന്ന്, കാവ്യാ മാധവന്‍ ഈ കേസില്‍ പ്രതിയായാല്‍ ആ നിമിഷം കേസ് താഴെ വീഴും. എട്ടാം പ്രതിയായ ദിലീപിന് എതിരെ ഉളള കേസ് എന്നത് ആദ്യ ഭാര്യ മഞ്ജു വാര്യരുമായുളള ബന്ധം തകര്‍ത്തതിന് ദിലീപിന് അതിജീവിതയോട് ദേഷ്യമുണ്ടെന്നും അത് തീര്‍ക്കാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നുമാണ്. കാവ്യാ മാധവന് എന്തിനാണ് അതിജീവിതയോട് ദേഷ്യമുളളത്.

കാരണം അതിജീവിത കാരണമല്ലേ കാവ്യാ മാധവന് ദിലീപിനെ കല്യാണം കഴിക്കാനും കുടുംബ ജീവിതവും കുട്ടിയുമൊക്കെ ഉണ്ടാകാന്‍ സാധിച്ചത്. പോലീസ് കാവ്യാ മാധവനെ കൊണ്ടുവന്നതിന് കാരണമുണ്ട്. എന്തായാലും കേസ് തോല്‍ക്കും, അപ്പോള്‍ വീട്ടിലുളള സ്ത്രീകളെ കൂടി ദ്രോഹിക്കുകയും ടാര്‍ഗറ്റ് ചെയ്യുകയും ചെയ്യാം എന്ന് കരുതിയാണ്.

കാവ്യാ മാധവന് എതിരെ വന്നു എന്ന് പറയുന്ന സംഭാഷണത്തില്‍ പറയുന്നത് ദിലീപ് നിരപരാധിയാണ് എന്നാണ്. ദിലീപിന് ഈ കേസില്‍ യാതൊരു പങ്കും ഇല്ലെന്നും ദിലീപ് ഇതിലേക്ക് വരുന്നത് പോലും പള്‍സര്‍ സുനി നാദിര്‍ഷയെ ജയിലില്‍ നിന്ന് വിളിച്ചതിന് ശേഷമാണ് എന്നാണ്.. അത് അംഗീകരിക്കുമോ. അവിടെയും ഇവിടെയുമുളള ചില വാചകങ്ങള്‍ എടുത്ത് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിര്‍മ്മിച്ച് സമൂഹത്തില്‍ നിലയും വിലയും ഉളളവരെ അപകീര്‍ത്തിപ്പെടുത്തുകയാണ്.

സിനിമാ മേഖല എന്നത് അസൂയയും കുശുമ്പും ഒക്കെയുളളതാണ്. ദിലീപിനെ കരിവാരി തേക്കുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ഇതുവരെ പോയത്. അതൊക്കെ തകര്‍ന്ന് വീഴുന്നതാണ് കണ്ടത്. നീതിന്യായ സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസം കൂടുകയാണ്. പൊതുബോധമല്ല, നീതി ബോധമാണ് നമ്മളെ നയിക്കേണ്ടത് എന്നുളള സന്ദേശമാണ് സാധാരണക്കാര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.

ഗണപതി കല്യാണം പോലെ ഈ കേസ് നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ല. ദിലീപിന് 50 വയസ്സായി. മരിക്കുന്നത് വരെ ഇനി 30 വര്‍ഷം കൂടി അന്വേഷണത്തിന് കൊടുക്കണോ. ഒരു തെളിവും ഇല്ലാതെ ഒരു മനുഷ്യനെ വേട്ടയാടാന്‍ കേരള പൊതുസമൂഹത്തിന് നാണവും ലജ്ജവും തോന്നണ്ടേ. ബാലചന്ദ്ര കുമാറിന്റെ കള്ളങ്ങള്‍ക്ക് പിറകേ പോയി കേരള പോലീസ് അപഹാസ്യരായി. ദാവൂദ് ഇബ്രാഹിം, വേങ്ങര, 50 ലക്ഷം എന്തൊക്കെയാണ് പറഞ്ഞത്.

അങ്ങനെ പവനായി ശവമായപ്പോള്‍ ദിലീപ് വിരോധികള്‍ക്ക് തോല്‍വി ഉറപ്പാണെന്ന് തോന്നിയപ്പോള്‍ പറയുകയാണ് കാവിലെ പാട്ടു മത്സരത്തിന് കാണാമെന്ന്. ദിലീപ് എന്ന നിരപരാധിയായ മനുഷ്യനെ വേട്ടയാടി, കാവ്യാ മാധവനെ അതിലേക്ക് വലിച്ചിഴച്ച്, കാവ്യയാണ് മാഡമെന്ന് പ്രചരിപ്പിച്ച്, കാവ്യയുടെ ഗൂഢാലോചന തുടങ്ങി എന്തൊക്കെ നാടകങ്ങളായിരുന്നു. ദിലീപിന് എതിരെയുളള നാടകങ്ങള്‍ തകര്‍ന്ന് വീഴുന്നതാണ് കാണുന്നത്.

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴുളള കൂക്കുവിളി ഇപ്പോള്‍ പോലീസിന് നേര്‍ക്കാണ്. ദിലീപിനുളള പൊതുജനസമ്മതിയും പിന്തുണയും കൂടുന്നതാണ് കാണുന്നത്. ദിലീപിനെ വേട്ടയാടി ഒരു തെളിവും ഇല്ലാത്ത കേസില്‍ നമ്പി നാരായണനെ പോലെ കുടുക്കാന്‍ ശ്രമിച്ചുവെന്ന് പകല്‍ പോലെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. കാവ്യയ്ക്ക് എതിരെ ഒരു തെളിവും ഇല്ലെന്ന് പോലീസിന് തന്നെ അറിയാം. കേസ് തോല്‍ക്കുമെന്ന് പോലീസിനും പ്രോസിക്യൂഷനും അറിയാം''.












Click it and Unblock the Notifications