പൾസർ സുനിക്ക് കനത്ത തിരിച്ചടി, ജയിലിൽ നിന്നും പുറത്തിറങ്ങാനാകില്ല; ആവശ്യം തള്ളി സുപ്രീം കോടതി
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി പൾസർ സുനിക്ക് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി. കേസിൽ ജാമ്യം അനുവദിക്കണമെന്ന സുനിയുടെ ഹർജി സുപ്രീം കോടതിയും തള്ളി. ഇതോടെ സുനി വിചാരണ തടവുകരാനായി ജയിലിൽ തുടരും.
ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ ഇതേ കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യം തള്ളുകയായിരുന്നു.

നടിയുടെ അടക്കം മൊഴികൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. അതിക്രൂരമായ പീഡനമാണ് നടി നേരിട്ടതെന്നും അതിനാൽ ജാമ്യം തള്ളുകയാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വ്യക്താമക്കുകയായിരുന്നു. തുടർന്നാണ് സുനി വീണ്ടും സുപ്രീം കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചത്.
നടി കേസിൽ വിചാരണ പൂർത്തിയാക്കാൻ ഇനിയും സമയ എടുക്കുമെന്നും അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കാന്‍ സുനിക്ക് അനുമതി നൽകിയിരുന്നു. ഇക്കാര്യം കൂടി വ്യക്തമാക്കിയാണ് സുനി കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെ പുറത്തിറങ്ങാനുള്ള എല്ലാവഴികളും അടഞ്ഞിരിക്കുകയാണ്.
2017 ൽ ഓടുന്ന കാറിൽ വെച്ചാണ് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പൾസുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൾസർ സുനി പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി നടൻ ദിലീപും അഴിക്കുള്ളിലായിരുന്നു.
85 ദിവസങ്ങളോളം ജയിലിൽ കിടന്ന ശേഷം ദിലീപിന് കേസിൽ ജാമ്യം ലഭിച്ചു. പിന്നീട് ഓരോ ഘട്ടങ്ങളിലായി മറ്റ് പ്രതികൾ എല്ലാവരും തന്നെ ജാമ്യം ലഭിച്ച് പുറത്ത് കടന്നു. എന്നാൽ സുനിക്ക് മാത്രമാണ് കേസിൽ ജാമ്യം ലഭിക്കാതിരുന്നത്. ഇതോടെ 2022 ലാണ് ആദ്യം സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിരിച്ചടി നേരിട്ടപ്പോൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യ വിചാരണ പുരോഗമിക്കുകയാണ്. കേസിൽ ഇനി ബലാചന്ദ്രകുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പോലീസ് എന്നിവരുടെ വിചാരണ പൂർത്തിയാക്കേണ്ടതുണ്ട്.












Click it and Unblock the Notifications