ദിലീപിന് ബന്ധമില്ലെങ്കില്‍ പിന്നെ അത് പറയുന്നത് എന്തിനാണ്: താല്‍പര്യം വ്യക്തമാക്കണമെന്നും ടിബി മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വളരേയേറെ ഞെട്ടിക്കുന്നതാണെന്നാണ് അതിജീവിത തന്നെ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
'ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്‍റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു' അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം സംഭവത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഏട്ടാം പ്രതികൂടിയായ ദിലീപിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തുകയാണ് അഭിഭാഷകയായ അഡ്വ.ടിബി മിനി. ദിലീപിന് ഈ വിഷയുമായി ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെന്തിനാണ് കോടതിയില്‍ അതിശക്തമായ എതിർപ്പ് ഉന്നയിക്കുന്നതെന്നാണ് ന്യൂസ് 18 ചാനലില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച രാഹുല്‍ ഈശ്വറിനോടായി ടിബി മിനി ചോദിക്കുന്നത്.
'ദിലീപുമായി എന്തെങ്കിലും ബന്ധമുണ്ടെന്നും ഞാനോ അതിജീവിതയോ ആരും പറഞ്ഞിട്ടില്ല.പിന്നെ എന്തിനാണ് ദിലീപിന്റെ വക്കീലന്മാർ കോടതിയില്‍ വന്നിട്ട് ഞങ്ങള്‍ക്ക് അന്വേഷണ റിപ്പോർട്ടിന്റെ കോപ്പിയും സ്റ്റേറ്റ്മെന്റുമൊക്കെ തരരുതെന്ന് അതിശക്തമായി എതിർക്കുന്നത്. ദിലീപിന് എന്ത് താല്‍പര്യമാണ് ഇതിലുള്ളത്. അല്ലെങ്കില്‍ ദിലീപിന്റെ വക്കീലന്മാർക്ക് എന്ത് താല്‍പര്യമാണ് ഇവിടെ ഉള്ളത്' ടിബി മിനി ചോദിക്കുന്നു.
കോടതിയിലെ സ്റ്റാഫ് ഒരാളുടേയു കുത്തകയല്ല. അവർ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കണമെന്ന് പറയുന്നത് കോമണ്‍ കാര്യമാണ്. അത് എന്നെ സംബന്ധിച്ചോ ദിലിപിനോ സംബന്ധിച്ചോ ഒരു വിഷയം അല്ല. ഒരു ക്രൈം ചെയ്താല്‍ ശിക്ഷിക്കപ്പെടണം എന്നുള്ള സാധാരണ കാര്യമാണ്. ഈ സാഹചര്യത്തില്‍ ദിലീപിന് ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെതിനാണ് റിപ്പോർട്ട് അതിജീവിതയ്ക്ക് നല്‍കുന്നതിനെ അദ്ദേഹത്തിന്റെ വക്കീലന്മാർ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയുക്തം എതിർത്തത്.
ജീവനക്കാരെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അവർ പറയുന്നതിന്റെ അർത്ഥം എന്താണ്. പ്രധാന കേസും ഈ കേസും രണ്ടും വേറെ വേറെയാണ്. കോടതിയില്‍ സമർപ്പിച്ച തെളിവ് ചോർന്ന സംഭവമാണ്. അത് ഒരു പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണ്. പ്രധാന കേസിനെ ഇത് ബാധിക്കുന്നില്ല. ഇത് ക്രൈം വേറെയാണെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications