ദിലീപിന്റെ വിധി എന്താകും: ഇനി അധികനാളില്ല, പള്‍സർ സുനിയടക്കം കോടതിയില്‍
കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിചരാണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂർത്തിയാക്കി വിധി പറയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ വിചാരണ പൂർത്തിയാകുകയും ദിലീപ് അടക്കമുള്ളവരുടെ കാര്യത്തിലെ വിധി എന്താണെന്ന് അറിയുകയും ചെയ്യാം.
കഴിഞ്ഞ ദിവസം ദിലീപിന് പുറമെ ഒന്നാം പ്രതി പള്‍സർ സുനി അടക്കമുള്ളവർ കോടതിയില്‍ നേരിട്ട് ഹാജരാകുകയും ചെയ്തിരുന്നു. പ്രതികളെ കോടതി നേരിട്ട് വിസ്തരിക്കുന്ന നടപടി ക്രമത്തിന് കഴിഞ്ഞ ദിവസം മുതല്‍ തുടക്കമായി. ഇതോടെയാണ് പള്‍സർ സുനിയും ദിലീപും കോടതിയില്‍ നേർക്കുനേർ എത്തിയത്. അടച്ചിട്ട കോടതി മുറിയിലാണ് വിസ്താരം പുരോഗമിക്കുന്നത്. മുഴുവന്‍ പ്രതികളുടേയും വിസ്താരം പൂർത്തിയാതിന് ശേഷം കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കലിലേക്കും തുടർന്ന് വിധി പറയലിലേക്കും കടക്കും.

കേസുമായി ബന്ധപ്പെട്ട് 2017 ല്‍ തന്നെ അറസ്റ്റിലായ പള്‍സർ സുനി ഈ മാസം 20 നാണ് ജാമ്യം നേടി ആദ്യമായി പുറത്തിറങ്ങുന്നത്. ഇതോടെ പൊലീസുകാരുടെ അകമ്പടി ഇല്ലാതെയായിരുന്നു പള്‍സർ സുനി ഇന്നലെ കോടതിയില്‍ എത്തിയത്. കേസ് വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി പള്‍സർ സുനി സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയുമായിരുന്നു. ഇത് ആദ്യമായല്ല പള്‍സർ സുനിയും ദിലീപും കോടതിയില്‍ ഒരുമിച്ച് എത്തുന്നത്. നേരത്തെ കേസിലെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്ന സമയത്തും ദിലീപും പള്‍സർ സുനിയും കോടതിയില്‍ ഒരുമിച്ച് എത്തിയിരുന്നു.
ഇന്നലെ കേസിലെ 13 പ്രതികളില്‍ 12 പേരും കോടതിയില്‍ ഹാജരായെന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ അസൗകര്യങ്ങള്‍ കാരണം അഞ്ചാം പ്രതി കോടതിയില്‍ എത്തിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. കോടതി പ്രതികളെ നേരിട്ടു ചോദ്യംചെയ്യുമെന്ന് അറിയിച്ചിരുന്നതിനാലാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്നത്.
കേസില്‍ വിചാരണ തുടങ്ങിയതിന് ശേഷം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നടൻ ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ജി. ശരത്തിനെ പൊലീസ് പ്രതി ചേർത്തിരുന്നു. ഇദ്ദേഹത്തിന്റെ അവകാശം സംബന്ധിച്ച് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച നിയമപ്രശ്നത്തിൽ വ്യക്തത വരുത്താനായി പ്രതികളെ ചോദ്യം ചെയ്യുന്ന നടപടി കോടതി ഇന്നത്തേക്ക് മാറ്റുകയും ചെയ്തു.
കേസിലെ 15-ാം പ്രതിയായിട്ടാണ് ശരത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസിലെ പ്രധാന തെളിവായ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ശരത്തിന്റെ പക്കലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ ദൃശ്യങ്ങളുടെ പകർപ്പ് ശരത്തില്‍ നിന്നും കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ തെളിവ് ഒളിപ്പിച്ചെന്ന കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ദിലീപിന്റെ താൽപര്യമെന്തെന്ന് ഹൈക്കോടതി ചോദിച്ചു.
വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നതിൽ സംസ്ഥാന സർക്കാരിനില്ലാത്ത എതിർപ്പ് എട്ടാംപ്രതിക്ക് എന്തിനാണെന്ന ചോദ്യം ദിലീപിന് കടുത്ത തിരിച്ചടിയായി. അതിജീവിതയുടെ ഹർജിയിൽ എട്ടാം പ്രതിയായ ദിലീപിനെ എതിർകക്ഷിയായല്ല കക്ഷി ചേർത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വാദം പൂർത്തിയാക്കിയ ഹൈക്കോടതി വിധി പറയാനായി മാറ്റി.












Click it and Unblock the Notifications