തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തം: അതിജീവിതയ്ക്ക് നീതി ലഭിക്കേണ്ടത് അത്യാവശ്യമാണ് ഉമ തോമസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണെന്നും ഉമ തോമസ് വ്യക്തമാക്കി.
'സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവൾ അപമാനിതയായാൽ അവൾക്ക് നീതി കിട്ടണം. അത് കൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാൻ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ പങ്കെടുത്തതും. പി ടി അതിജീവിതക്ക് വേണ്ടി നിലപാട് എടുത്തയാളാണ്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്. കുറ്റവാളികൾ ആരാണന്ന് കണ്ടെത്തപ്പെടണം. തെറ്റുകാർക്ക് ശിക്ഷ ലഭിക്കാൻ വേണ്ടി എല്ലാ പിന്തുണയും അതിജീവിതക്ക് നൽകും.'- ഉമ തോമസ് പറഞ്ഞു.

സ്ത്രീകളുടെ കൂടെ ഈ ഭരണകൂടം നിന്നിട്ടില്ല. പല കാര്യങ്ങൾക്കും സ്ത്രീകൾക്ക് എതിരെയാണ് സർക്കാർ നിലപാട് എടുത്തിരിക്കുന്നത്. മഞ്ഞക്കുറ്റി അടിക്കുമ്പോൾ വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ ഞ്യായം കണ്ടെത്താൻ പറ്റാത്ത സർക്കാരാണ് ഇത്. സ്ത്രീ കൾക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ കിട്ടുന്നില്ല സ്ത്രീവിരുദ്ധ സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ തൃക്കാക്കര ഇലക്ഷനിൽ വിധി എഴുത്ത് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നതെന്നും അവർ വ്യക്തമാക്കി
ഇത് കേവലം ഒരു തിരഞ്ഞെടുപ്പിൻ്റെ മാത്രം വിഷയമല്ല. എൻ്റെ നിലപാട് സ്ത്രീപക്ഷമാണ്. ഞാൻ പെൺകുട്ടികളുടെ കൂടെയാണ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും എൻ്റെ നിലപാട്. ഈ കേസിൽ എനിക്ക് മുമ്പേ സംശയമുണ്ട്. പി ടി യു ടെ മൊഴി എടുക്കുമ്പോഴേ പി ടി എന്നോട് പറഞ്ഞിട്ടുണ്ട് ആ പെൺകുട്ടിക്ക് സത്യസന്ധമായ നീതി ലഭിക്കുമെന്ന് സംശയമുണ്ടെന്ന്. അത് തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. തീർച്ചയായും നീതി കിട്ടണം. അതിജീവിതയുടെ കൂടെ ഞാനും ഉണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം. കേസിലെ തുടരന്വേഷണം അന്വേഷണ സംഘം അവസാനിപ്പിക്കാനൊരുങ്ങുന്നതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉന്നത ബന്ധങ്ങളുള്ള പ്രതിയുടെ സ്വാധീനത്താല്‍ കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും നടി ആരോപിക്കുന്നു.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം












Click it and Unblock the Notifications