'വിധി കേള്‍ക്കാന്‍ ഞാന്‍ ഉണ്ടാകുമോ എന്ന് അറിയില്ല'; മരിക്കുന്നതിന് മുന്‍പ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി വിധി വരാന്‍ 35 ലേറെ മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതില്‍ തന്നെ ദിലീപിന്റെ ഭാവി എന്താകുമെന്ന കാര്യത്തിലാണ് എല്ലാവര്‍ക്കും ആകാംക്ഷ ഉയരുന്നത്. സ്വന്തം പ്രവര്‍ത്തിയിലൂടെ അഴിക്കുള്ളിലേക്ക് പോകുമോ അതോ വീണ്ടും സിനിമകളില്‍ സജീവമാകാന്‍ കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പള്‍സര്‍ സുനി അടക്കമുള്ളവരുടെ വിധിയും നിര്‍ണായകമാണ്.
ദിലീപ് പ്രതിയായ കേസിലെ വിധി എന്താകുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ടെന്നും അതിനു വേണ്ടി മാത്രമാണ് വിദേശത്തു നിന്ന് നാട്ടിലെത്തിയതെന്നും സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയ നാള്‍ മുതല്‍ അതിനു വേണ്ടി വര്‍ഷത്തോളം അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിന്നിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ന്യൂസ്‌ഗ്ലോബ് ടിവി എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന്റെ വരവും ദിലീപിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും. ദിലീപിനെതിരെ കാര്യമായ തെളിവുകള്‍ കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് ബാലചന്ദ്രകുമാര്‍ തന്റെ പക്കലുള്ള ശബ്ദ സന്ദേശങ്ങള്‍ കൈമാറിയതോടെ അന്വേഷണത്തിന് ഊര്‍ജ്ജം വന്നു.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സ്വന്തം വീട്ടില്‍ വച്ച് ദിലീപ് കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ച് കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. വിചാരണ ഘട്ടത്തിലാണ് ബാലചന്ദ്രകുമാറിന് രൂക്ഷമായ കരള്‍ രോഗം ബാധിച്ചത്. വിചാരണ പൂര്‍ത്തിയായി വിധി കേള്‍ക്കാന്‍ കഴിയും മുമ്പേ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബാലചന്ദ്രകുമാര്‍ അന്തരിച്ചു.
ബാലചന്ദ്രകുമാര്‍ മരിക്കുന്നതിനു മുമ്പ് ഒരേയൊരു കാര്യമാണ് പറഞ്ഞതെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി. ബാലചന്ദ്രകുമാര്‍ പൊലീസിന് കൈമാറിയ വോയിസ് ക്ലിപ്പുകളില്‍ ആര് ആരെയൊക്കെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരെയൊക്കെ പിടിച്ചാല്‍ ഈ കേസില്‍ നിന്ന് ഊരി വരാം എന്നുള്ള ചര്‍ച്ചകളും പണം കൊടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.
'മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞത് ഇതാണ്. ഈ വിധി കാണാന്‍ ഞാന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷേ താങ്കള്‍ ഈ കേസിന്റെ കൂടെ ഉണ്ടാകും എന്ന് എനിക്ക് വിശ്വാസമാണ്. ബാലചന്ദ്രകുമാര്‍ കോടതിക്ക് കൊടുത്ത തെളിവുകളും രേഖകളും ഒക്കെ നമ്മളില്‍ പല ആളുകളും സൂക്ഷിക്കുന്നുണ്ട്. അത് തീര്‍ച്ചയായും വരും ദിവസങ്ങളില്‍ പുറത്തു വിടും. ഒരു അതിജീവിതയ്ക്ക് നീതി കിട്ടണം എന്നുള്ള സത്യസന്ധമായ ആഗ്രഹത്തോടു കൂടിയാണിത്, ഒരിക്കലും ഇനി ഒരു സ്ത്രീ ഇങ്ങനൊന്ന് അനുഭവിക്കരുത്. കേസിന്റെ കാര്യങ്ങള്‍ എല്ലാം ഘട്ടം ഘട്ടമായി പുറത്തുവിടും.
വരുന്ന രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് എല്ലാ വോയിസ് ക്ലിപ്പുകളും ബാലചന്ദ്രകുമാറിനെ ക്രൂശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പുറത്തു കൊണ്ടുവരുമെന്നും തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications