'ദിലീപ് നടത്തിയ ഗൂഢാലോചന തന്നെ'; നടി കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി വിധിക്കെതിരെ അതിവേഗം അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കേസില്‍ നിന്ന നടന്‍ ദിലീപിനെ ഉള്‍പ്പെടെ കുറ്റവിമുക്തനാക്കിയ നടപടിയേയും ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞ് പോയതിനേയും ചോദ്യം ചെയ്തായിരിക്കും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുക. അപ്പീല്‍ നല്‍കാനുള്ള ഡി ജി പിയുടെയും സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടറുടെയും ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി തള്ളിയത് എന്ന് ഡി ജി പിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും ചൂണ്ടിക്കാട്ടി. നേരത്തെ വിധി വന്നതിന് പിന്നാലെ തന്നെ കേസില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രിമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

അതിജീവിതയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ നിയമപോരാട്ടത്തിനും സര്‍ക്കാര്‍ പിന്തുണയുണ്ടാകും എന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവം നടത്തിയത്.
കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന എന്‍ എസ് സുനില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കമുള്ളവരെ കോടതി വെറുതെ വിട്ടത്. എന്നാല്‍ ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി നടത്ത ക്വട്ടേഷന്‍ ബലാത്സംഗമാണ് ഇത് എന്നാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും വാദിക്കുന്നത്.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മേല്‍ക്കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരിക്കും അപ്പീല്‍ നല്‍കുക. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യും.
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചല്ല. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണം എന്നീ കാര്യങ്ങളും അപ്പീലില്‍ ഉന്നയിക്കും.












Click it and Unblock the Notifications