ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുകൊടുക്കണമെന്ന് കോടതി; 'ഇനി വിദേശത്തേക്ക് പോകാം'
കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കണം എന്ന് കോടതി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തനായതോടെ ജാമ്യബോണ്ടുകള്‍ അവസാനിച്ചു എന്നും പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കണം എന്നും കോടതി ഉത്തരവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ശിക്ഷാവിധി വന്ന ദിവസം തന്നെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. അതേസമയം ദിലീപിന് പാസ്‌പോര്‍ട്ട് തിരികെ കൊടുക്കരുത് എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് വിട്ട് കൊടുക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

അതേസമയം കോടതി ഇക്കാര്യം അംഗീകരിച്ചില്ല. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് സ്ഥിരമായി വിട്ടു നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപ് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് ദിലീപ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നത്. നിലവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ് പാസ്‌പോര്‍ട്ട് ഉള്ളത്.
നേരത്തെ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് പോയിരുന്നത്. വിദേശയാത്രക്ക് ശേഷം ദിലീപ് പാസ്‌പോര്‍ട്ട് വീണ്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യുകയാണ് ചെയ്തത്. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വേറെയും ഹര്‍ജികള്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി നല്‍കിയ ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടും.
ഇത് കൂടാതെ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ സംപ്രേഷണ ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണിക്കുന്നുണ്ട്. വിചാരണ നടപടികള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം മാധ്യമങ്ങള്‍ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം. ഹര്‍ജികളില്‍ വാദം കേട്ട ശേഷം കോടതി അലക്ഷ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി ഹര്‍ജികള്‍ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഹൈക്കോടതിയ്ക്ക് കൈമാറിയേക്കും എന്നാണ് വിവരം.
തന്റെ യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിക്കുകയും അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു എന്നത് ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖയ്ക്കെതിരെ ടിബി മിനി കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടെങ്കിലും പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications