ദിലീപ് പ്രതിയായ കേസില്‍ വിധി വരുന്നു; എട്ട് വര്‍ഷത്തിന് ശേഷം, നിര്‍ണായക കോടതി നീക്കം
നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി ഈ മാസം ഉണ്ടാകുമെന്ന് സൂചന. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കോടതി കേസ് ഇടയ്ക്കിടെ പരിഗണിച്ചിരുന്നു. ഈ മാസം 10ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് വിധി പ്രഖ്യാപിക്കുന്ന തിയ്യതി തീരുമാനിച്ചേക്കും. ഈ മാസം അവസാനത്തോടെ വിധി വരുമെന്നാണ് കരുതുന്നത്.
കേസില്‍ നേരത്തെ 14 പ്രതികളാണ് ഉണ്ടായിരുന്നത്. നാല് പേര്‍ മാപ്പ് സാക്ഷികളായതോടെ പത്ത് പ്രതികളാണുള്ളത്. പള്‍സര്‍ സുനിയും ദിലീപും ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ബലാല്‍സംഗ ക്വട്ടേഷന്‍ എന്ന ആരോപണം ഉയര്‍ന്ന കേസ് കൂടിയാണിത്. മലയാള സിനിമാ രംഗത്ത് വലിയ മാറ്റത്തിരുത്തലുകള്‍ക്ക് കാരണമായ സംഭവം കൂടിയാണ്. വിധി ദിലീപിന് നിര്‍ണായകമാണ്.

2017 ഫെബ്രുവരി 17ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വാഹനത്തില്‍ വച്ച് നടി പീഡിപ്പിക്കപ്പെട്ടു എന്നതാണ് കേസ്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. മൂന്ന് മാസം കഴിയവെയാണ് ദിലീപിന് കേസില്‍ ബന്ധമുണ്ട് എന്ന ആരോപണം. തുടര്‍ന്ന് ദിലീപിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മൂന്ന് മാസത്തോളം ആലുവ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ പിന്തുണയ്ക്കുന്നവരും നടിയെ പിന്തുണയ്ക്കുന്നവരും എന്ന രീതിയില്‍ രണ്ടു തട്ടിലായി മലയാള സിനിമാ ലോകം. പ്രതികള്‍ നിരന്തരമായ അപ്പീലുമായി എത്തിയത് കേസിന്റെ നടപടികള്‍ വൈകിപ്പിച്ചു. സുപ്രീംകോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയപരിധി പലതവണ നീട്ടി നല്‍കി.
കേസില്‍ നിര്‍ണായക ട്വിസ്റ്റ് 2021ല്‍
2021ലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിന് എതിരായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ദിലീപിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായി. അതിനിടെ കോടതിക്കെതിരെ ഇരയായ നടി രംഗത്തുവന്നു. പീഡന ദൃശ്യം അടങ്ങുന്ന മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളും കോടതിയിലെത്തി.
നടിയെ പിന്തുണച്ച് നിരവധി നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവയ്ക്കുന്ന സംഭവവമുണ്ടായി. തുടര്‍ന്നാണ് ഡബ്ല്യുസിസി എന്ന കൂട്ടായ്മ രൂപപ്പെട്ടത്. ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതിന് പശ്ചാത്തലമായതും നടി ആക്രമിക്കപ്പെട്ട സംഭവമാണ്. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ നടിമാര്‍ ഹേമ കമ്മിറ്റി മുമ്പാകെ തുറന്നുപറഞ്ഞു.
എങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളുണ്ടായില്ല. ഇപ്പോള്‍ സംഭവമുണ്ടായിട്ട് ഒമ്പത് വര്‍ഷത്തോട് അടുക്കുകയാണ്. ഒമ്പത് വര്‍ഷത്തോളം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് വിധി വരാന്‍ പോകുന്നത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിധി എങ്ങനെയാണ് ദിലീപിന്റെ ഭാവിയെ ബാധിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications