'ദിലീപിനെതിരെ ന്യായീകരണ തൊഴിലാളികൾ മിണ്ടാത്തതിന് കാരണം ഇതാണ്;ബൈജു കൊട്ടാരക്കര
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ സത്യം തെളിയാൻ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കൊണ്ട് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. കേസിലെ സാക്ഷികളെ കൂറുമാറ്റിയതിന് പിന്നിൽ ദിലീപിന്റെ സ്വാധീനം ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 20 സാക്ഷികളായിരുന്നു കേസിൽ കൂറുമാറിയത്.
അതേസമയം സാക്ഷികളെ കൂറുമാറ്റിച്ചതോടെ തന്നെ കേസിലെ ദിലീപിന്റെ പങ്ക് എത്രത്തോളം ഉണ്ടെന്ന് വ്യക്തമായെന്ന് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈജുവിന്റെ വാക്കുകളിലേക്ക്

ഇതൊരു അസാധാരണായൊരു കേസാണ്. കേസിൽ പോലീസിന്റെ കൈയ്യിൽ ദിലീപിനെതിരെ തെളിവുണ്ടായത് കൊണ്ടല്ലേ അദ്ദേഹത്തെ പ്രതിചേർത്തത്. കേസിനെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് ദിലീപ് തുടക്കം മുതൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര കുറ്റപ്പെടുത്തി. അതേസമയം കൂറുമാറിയവർക്ക് കേസിൽ എന്തെങ്കിലും നേട്ടം കിട്ടിയിട്ടുണ്ടാകാമെന്നും ബൈജു ആരോപിച്ചു.

കേസിൽ എന്തെങ്കിലും നേട്ടം കിട്ടാതെ ആരെങ്കിലും കൂറുമാറുമോ? കൂറുമാറിയവരെ സിനിമയുടെ പേര് പറഞ്ഞ് പ്രലോഭിപ്പിച്ചിരിക്കാം. അല്ലേങ്കിൽ പണം നൽകിയിരിക്കാം. അല്ലേങ്കിൽ മറ്റെന്തെങ്കിലും ഗുണം ലഭിച്ചിരിക്കാം. ഇത്രയും പേരെ കൂറുമാറ്റിയതിലൂടെ താൻ കുറ്റവാളിയാണെന്ന് ദിലീപ് സ്വയം നെറ്റിയിൽ എഴുതിവെച്ചിരിക്കുകയാണ്.

ദിലീപിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങളുടെ വായടിപ്പിക്കാൻ അവർക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ചില ന്യായീകരണ തൊഴിലാളികളെ ഇറക്കുന്നു. ഇമേജ് വർധിപ്പിക്കാൻ തിരുവനന്തപുരത്ത് ജാഥ നടത്തുന്നു, ബൈജു പറഞ്ഞു.

കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന തോന്നൽ ഉള്ളത് കൊണ്ടാണ് പല ന്യായീകരണ തൊഴിലാളികളും ഇപ്പോൾ ദിലീപിന് വേണ്ടി പുറത്ത് വരാത്തതെന്നും ബൈജു ആരോപിച്ചു. മമ്മൂട്ടിയും മോഹൻലാലും ഇമേജ് പോകരുത് എന്ന് വെച്ചാണ് ഇപ്പോൾ ഇരക്കൊപ്പം എന്ന് പറഞ്ഞുവന്നത്.

സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഈ നാല് വർഷത്തോളം കാണിച്ച മൗനം ഒരിക്കലും മാനുഷിക മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും ബൈജു കുറ്റപ്പെടുത്തി. ഇരയ്ക്കൊപ്പം അന്ന് മുതൽ സൂപ്പർ സ്റ്റാറുകൾ ഉണ്ടായിരുന്നുവെങ്കിൽ കേസിന് കുറച്ച് കൂടി ശക്തി വരുമായിരുന്നു. ദിലീപ് കുറ്റക്കാരനെന്ന് പറഞ്ഞില്ലേങ്കിലും നടിക്കൊപ്പമാണെന്ന് തുറന്ന് പറയാനുള്ള മനസെങ്കിലും താരങ്ങൾ കാണിക്കണമായിരുന്നുവെന്നും ബൈജു പറഞ്ഞു.

ട്വന്റി ട്വന്റി എന്ന സിനിമ പ്രൊഡ്യൂസ് ചെയ്തതിന് ശേഷമാണ് സിനിമയിൽ ആധിപത്യം ഉറപ്പിക്കാൻ ദിലീപിന് സാധിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ,തീയറ്ററുകളുടെ അസോസിയേഷൻ , എ എം എം എ എന്നതിലെല്ലാം ദിലീപ് അംഗമാണ്. ദിലീപ് അംഗത്വമെടുക്കുന്ന സംഘടനയിൽ എല്ലാം അദ്ദേഹം കുത്തിതിരിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും ബൈജു ആരോപിച്ചു.

തനിക്കെതിരെ തിരിയുന്ന ആളുകളേയും പോലീസ് ഉദ്യോഗസ്ഥരേയും മാധ്യമങ്ങളേയും ഇല്ലാതാക്കുമെന്ന ചിന്താഗതി ഏറ്റവും അപകടകരമായൊരു രീതിയാണെന്നും ഇതിനെ ഭയന്നാണ് പലരും മിണ്ടാതിരിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത നടൻ പ്രകാശ് ബാരെ പറഞ്ഞു. പലരും തന്നോട് ചോദിച്ചുണ്ട് എന്തിനാണ് ഇത്ര റിസ്ക് എടുക്കുന്നത് എന്ന്.
Recommended Video

കേസിൽ ഡബ്ല്യുസിസിയുടെ പങ്കിനേയും പ്രകാശ് ബാരെ പ്രശംസിച്ചു. കേസിൽ ദിലീപിനെതിരെ തെളിവ് വന്നാൽ ഇരയ്ക്കൊപ്പം മറിച്ചാണേൽ ദിലീപിനൊപ്പം എന്ന് ചിന്തിക്കുന്ന പലരും ഇപ്പോഴും ഉണ്ട്. കേസിൽ ഇപ്പോൾ ഇരയ്ക്കൊപ്പം നിൽക്കേണ്ടത് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ കടമയാണെന്നും പ്രകാശ് ബാരെ പറഞ്ഞു.












Click it and Unblock the Notifications