ഇത്രയ്ക്ക് ധാര്‍മ്മികതയുള്ളവര്‍ എവിടെയായിരുന്നു ഇത്രയും നാള്‍; സൂപ്പര്‍ താരങ്ങളെ പരിഹസിച്ച് ജോര്‍ജ് ജോസഫ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ നിന്നും അതിജീവിച്ച നടി പങ്കുവച്ച കുറിച്ച് ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ പിന്തുണ അറിയിച്ചത്. ഇവരില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പിന്തുണ അറിയിച്ച സൂപ്പര്‍ താരങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിട്ട. എസ് പി ജോര്‍ജ് ജോസഫ്. നിലവില്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്ന വലിയ താരങ്ങളോട് പണിനോക്കാന്‍ പറയണമെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. അവരെ പള്ളേക്കൊണ്ടേക്കളയണമെന്ന് റിട്ട. എസ്പി കുറ്റപ്പെടുത്തി. വിശദാംശങ്ങളിലേക്ക്...

ഇപ്പോള്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്ന വലിയ താരങ്ങളോട് പണിനോക്കാന്‍ പറയണം. അവരെ പള്ളേക്കൊണ്ടേക്കളയണമെന്ന് ജോര്‍ജ് ജോസഫ് കുറ്റപ്പെടുത്തി. ഇത്രയ്ക്ക് ധാര്‍മ്മികതയുള്ളവര്‍ ആയിരുന്നെങ്കില്‍ ഇത്രയും നാള്‍ അവര്‍ എവിടെയായിരുന്നുവെന്നും ജോര്‍ജ് ജോസഫ് ചോദിച്ചു. ഇപ്പോള്‍ പിന്തുണ അറിയിച്ച് എത്തിയിരിക്കുന്ന താരങ്ങളെ തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമുണ്ടായിരുന്ന സമയത്തായിരുന്നു പിന്തുണ നല്‍കേണ്ടയിരുന്നത്. ഇതിലെ സത്യാവസ്ഥ നമുക്ക് അറിയുന്നത് പോലെ തന്നെ ഈ നായകന്മാര്‍ക്കും അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ പുരോഗതിയില്‍ അത് എങ്ങനെകൊണ്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് അതിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു. സത്യത്തില്‍ നിയമോപദേശം പോലും സ്വീകരിക്കാതെ വേണം അന്വേഷണം നടത്താനെന്നും മറിച്ചായാല്‍ അത് പ്രതിഭാഗത്തിന് വാദിക്കാനുള്ള അവസരമായി മാറിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുവ താരങ്ങള്‍ അടക്കം നിരവധി പേരാണ് നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു. ''ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍നിന്ന് അതിജീവനത്തിലേക്കുള്ള ഈ യാത്ര.

5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്കു സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തതു ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാടു ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ചു മുന്നോട്ടു വന്നു, എനിക്കു വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്നു തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും മറ്റാര്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാനും ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.''

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുന്നതിനിടെയില്‍ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ നടന്റെ ക്രൈം ബ്രാഞ്ച് പരിശോധന പുരോഗമിക്കുകയാണ്. ആലുവയിലെ വിട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പരിശോധന. വീട് അടച്ചിട്ട നിലയിലാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസില്‍ വെളളിയാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് ഉണ്ടായേക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications