ദിലീപിന്റെ വീട്ടുപടിക്കല്‍ തന്നെ പൊലീസുണ്ടായിരുന്നു: സിദ്ദിഖിന്റെ കാര്യത്തിലോ?-വിമർശനം
തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ പിടികൂടാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് സാധിക്കാത്തതില്‍ വലിയ വിമർശനമാണ് ഉയരുന്നത്. വിഷയത്തില്‍ പൊലീസിനെ വിമർശിച്ച് സി പി ഐയും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. വലിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നു സംശയമുണ്ടെന്നാണു സി പി ഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗം വിമർശിക്കുന്നത്.
പീഡന പരാതിയില്‍ കഴിഞ്ഞദിവസം മൂന്ന് പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാഭാരവാഹിയുമായ ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. കോടതികള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. അതേസമയം മറ്റൊരു നടന്‍ സിദ്ദിഖിന് ജാമ്യം നിഷേധിച്ചെങ്കിലും ഇതെഴുതുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
'സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇത്രയും കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.' ജനയുഗം മുഖപ്രസംഗം പറയുന്നു.

ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദിഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.
സിദ്ദിഖ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യപേക്ഷ തള്ളിയതെങ്കിലും ലൈംഗികാതിക്രമണ പരാതിയായതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെത്തിയത്. അതേസമയം ഹർജി പരിഗണിക്കുംമുമ്പ് തങ്ങളുടെ ഭാഗം കേൾക്കണമെന്നഭ്യർത്ഥിച്ചുള്ള തടസഹർജി (കേവിയറ്റ്) സംസ്ഥാന സർക്കാരും പരാതിക്കാരിയും ഫയൽ ചെയ്‌തിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്.
സിദ്ദിഖിന്റെ അഭിഭാഷകന്‍ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പറഞ്ഞ കോടതി, ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീയുടെ അനുഭവം അവരുടെ സ്വഭാവത്തെയല്ല, അവര്‍ നേരിടുന്ന ദുരിതത്തെയാണ് കാട്ടുന്നതെന്നും ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് നിയമത്തിനെതിരാണന്നും ചൂണ്ടിക്കാട്ടി. പരാതിയുടെ ഗൗരവമാണ് പരാതിക്കാരിയുടെ സ്വഭാവമല്ല പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചതായും ജനയുഗം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications