ദിലീപിന് മാത്രമാണ് അക്കാര്യത്തിൽ താത്പര്യം, അതിജീവിതക്ക് ഇല്ല.. 50 ലക്ഷം തന്നെന്ന്';ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. പോലീസുകാർ പക്ഷപാതപരമായാണ് കേസ് അന്വേഷിച്ചതെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കാതെ കേസിന്റെ നിജസ്ഥിതി പുറത്തുവരില്ലെന്നും ശാന്തിവിള പറഞ്ഞു. യെസ് മീഡിയ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ശാന്തിവിളയുടെ വാക്കുകളിലേക്ക്
'ദിലീപ് ഈ കേസിൽ കുറ്റവിമുക്തനാകുമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നു. ഈ കേസുമായി ദിലീപിനെ ബന്ധപ്പെടുത്താൻ തക്ക ഒരു തെളിവും പോലീസിന് കിട്ടിയിട്ടില്ല. മുൻ ഡിജിപിയായിരുന്ന സെൻകുമാർ കൃത്യമായി പറഞ്ഞിട്ടുണ്ട് യാതൊരു തെളിവും ദിലീപിനെതിരെ ഇല്ല, കേസിൽ അയാളെ അറസ്റ്റ് ചെയ്യാനാകില്ലെന്ന്. എന്നാൽ അയാൾ വിരമിച്ച് ഒരാഴ്ച പൂർത്തിയാകും മുൻപ് എഡിജിപിയായിരുന്ന ഒരു മഹതി ദിലീപിനെ അറസ്റ്റ് ചെയ്തു.

അയാൾ കൊടുത്ത ഒരു കേസുമായി ബന്ധപ്പെട്ട സംശയം ചോദിക്കാൻ വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയത്ത് ദിലീപ് ഏതോ ശിവക്ഷേത്രത്തിൽ ആയിരുന്നു. സ്വന്തമായി വക്കീലൊക്കെ ഉണ്ടായിട്ടും അയാളോട് ഒരു നിയമോപദേശവും ചോദിക്കാതെ ദിലീപ് ഇവിടെ നിന്ന് നേരെ അവരുടെ മുന്നിൽ ചെന്ന് കൊടുത്തു. തൊട്ടടുത്ത ദിവസം ദിലീപിനെ പിടിച്ച് അകത്തിട്ടു. ദിലീപിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഇപ്പോൾ എട്ട് വർഷമായി തെളിവും അന്വേഷിച്ച് നടക്കുകയാണ് പോലീസ്.
ഇപ്പോൾ ജാമ്യത്തിലിറങ്ങിയ പൾസർ സുനി വെളിപ്പെടുത്തൽ നടത്തുകയാണ്. ഇയാൾ ഇതിനിടയിൽ ബാറ് തല്ലിപ്പൊളിച്ചു, ഇയാളുടെ ജാമ്യം റദ്ദാക്കേണ്ടതല്ലേ? മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്നാണ് ജാമ്യ വ്യവസ്ഥ. ദിലീപ് സംസാരിക്കുന്നില്ലല്ലോ. ഇയാൾ റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകനെ വിളിച്ച് അഭിമുഖം കൊടുത്തിരിക്കുകയാണ്. ഒളികാമറയാണെന്നാണ് പറയുന്നത്. ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ?
സുനി ഇപ്പോൾ പറയുന്നത് ഫോണും സിമ്മുമൊക്കെ അവന്റെ കൈയ്യിൽ ഉണ്ടെന്നാണ്. കുറെ നടിമാരെ മുൻപും തട്ടിക്കൊണ്ടുപോയിട്ടുണ്ട്, അതൊന്നും ദിലീപിന് വേണ്ടിയല്ല, പക്ഷെ ഈ കഥകളൊക്കെ ഞാൻ ദിലീപിനോട് പറഞ്ഞിട്ടുണ്ടെന്നാണ്. ഈ വെളിപ്പെടുത്തലിൽ അവനെ ഉടൻ അറസ്റ്റ് ചെയ്യണ്ടേ.ദിലീപിനെതിരെ കള്ളക്കേസ് കൊടുത്തവരല്ലേ പോലീസ്. ഹൈക്കോടതിയിൽ വെച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ്. എന്നാൽ അന്നത്തെ ദിവസം ദിലീപോ ആ പോലീസുകാരനോ കോടതിയിൽ പോയിരുന്നില്ലെന്ന് കണ്ടെത്തി.
50 ലക്ഷം രൂപയും ദിലീപിന്റെ ഡേറ്റും വാങ്ങിയാണ് ദിലീപിന് വേണ്ടി സംസാരിക്കുന്നതെന്ന് ആരോപണം ഉണ്ടായി. ഞാൻ ഇതൊന്നും വകവെക്കില്ല. ദിലീപ് ഒരു ഡേറ്റ് തരാമെന്ന് പറഞ്ഞാൽ ഞാൻ സിനിമ ചെയ്യും. അയാളെ പോലെ മാർക്കറ്റ് വാല്യു ഉള്ള നടൻ ഡേറ്റ് തരാമെന്ന് പറഞ്ഞാൽ ഭാഗ്യമല്ലേ. ഇതുപോലൊരു മാനിപ്പുലേറ്റഡ് ആയൊരു കേസ് ഇനിയും കേരളത്തിൽ വരാതിരിക്കണമെങ്കിൽ സിബിഐ അന്വേഷിക്കണം. അന്വേഷണ ഏജൻസിയായ പോലീസ് അടക്കം പക്ഷപാതപരമായി അന്വേഷിച്ച കേസാണിത്. വിധി വന്നശേഷം ദിലീപ് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കും. ഈ കേസ് തെളിഞ്ഞേ മതിയാകൂ. ദിലീപ് ഒരു തരത്തിലും പിന്നോട്ട് പോകരുത്. തനിക്കെതിരെ പറഞ്ഞവർക്കെതിരെ ദിലീപ് 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യണം.
ഈ കേസിൽ വിധി വരണമെന്ന് താത്പര്യമുള്ള ഒരാൾ ദിലീപ് മാത്രമാണ്. മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ താത്പര്യമില്ല, അതിജീവിതക്ക് പോലും താത്പര്യമില്ല. റിപ്പോർട്ടർ ചാനലിൽ വന്ന പൾസർ സുനിയുടെ അഭിമുഖം മൊട്ട അരുണിന്റെ സ്ക്രിപ്റ്റാണ്. ഒരുമാസത്തെ അരുണിന്റേയും റോഷിപാലിന്റേയും പൾസർ സുനിയുടേയും ഫോൺ റെക്കോഡുകൾ എടുത്താൽ മതി ഈ കേസ് പൊളിക്കാൻ. പ്ലാൻ ചെയ്ത് ഉണ്ടാക്കിയതാണ് ആ വീഡിയോ', ശാന്തിവിള ദിനേശ് ആരോപിച്ചു.












Click it and Unblock the Notifications