ദിലീപ് ക്ഷേത്ര ഭാരവാഹികളെ വിളിച്ചു; 'നിങ്ങള്‍ക്കറിയാലോ വിവാദങ്ങള്‍', അരിശം തീരാതെ പ്രതിഷേധം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും നടന്‍ ദിലീപിനെതിരായ പ്രതിഷേധം തീരുന്നില്ല. ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ക്ഷേത്ര പരിപാടിക്ക് ദിലീപ് വരുന്നതിലും വിവാദം. എറണാകുളം ശിവക്ഷേത്ര സമിതിയുടെ കൂപ്പണ്‍ ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചിരുന്നു. നാട്ടിലുണ്ടെങ്കില്‍ വരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന്റെ പ്രചാരണം തുടങ്ങിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ''ക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിക്കാന്‍ പറ്റിയ വ്യക്തി, ഇനി ഗോവിന്ദ ചാമി ഇറങ്ങിയാല്‍ പുള്ളിയെ വിളിക്കണം, ക്ഷേത്രത്തിലേക്കാണോ ഇത്തരക്കാരെ വിളിക്കുന്നത്... തുടങ്ങിയ രീതിയില്‍ പോകുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. ഇതോടെയാണ് ക്ഷേത്ര ഭാരവാഹികള്‍ പുതിയ തീരുമാനമെടുത്തത്.

ഭക്തര്‍ക്ക് തടസമുണ്ടാകുന്ന രീതിയിലേക്ക് എത്തിക്കരുത് എന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ക്ഷേത്ര കമ്മിറ്റിയെ അറിയിച്ചു. വിവാദം ശക്തമായ സാഹചര്യത്തില്‍ ദിലീപ് വരേണ്ടെന്ന് പറയാമെന്ന് ഭാരവാഹികള്‍ തീരുമാനിച്ചു. അതിനിടെയാണ് ദിലീപ് ഇങ്ങോട്ട് വിളിച്ച് താന്‍ വരുന്നില്ലെന്നും ഇപ്പോഴുള്ള വിവാദങ്ങള്‍ അറിയാലോ എന്നും പറഞ്ഞതത്രെ.
''ദിലീപ് ഇടയ്ക്ക് വരാറുള്ള ക്ഷേത്രമാണിത്. നിലവില്‍ കേസില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തല്ലോ. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കഴിഞ്ഞു എന്ന് തോന്നിയാണ് ക്ഷണിച്ചതെന്ന്'' ക്ഷേത്ര ഭാരവാഹി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. നേരിട്ട് ആരും വിളിച്ചു പറഞ്ഞില്ല. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം കണ്ടാണ് ദിലീപിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിനിടെ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു എന്ന് ഭാരവാഹി പ്രതികരിച്ചു.
ദിലീപിനെ ക്ഷണിച്ചത് ഈ പരിപാടിക്ക്
ക്ഷേത്രോല്‍സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനത്തിനാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ഭീമ ജ്വല്ലറിയുടെ ബിന്ദു മാധവന്‍ ദിലീപില്‍ നിന്ന് ചെക്ക് സ്വീകരിച്ച് കൂപ്പണ്‍ കൈമാറുക എന്നതായിരുന്നു പരിപാടി. ഇനി ക്ഷേത്രത്തിലെ തന്ത്രി തന്നെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ വിവാദമുണ്ടായ വീഡിയോ വൈറലായ പിന്നാലെയാണ് പുതിയ സംഭവം.
കേശവദാസപുരത്ത് നിന്ന് അടൂരിലേക്ക് കയറിയ വീട്ടമ്മ ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രംഗത്തുവരികയായിരുന്നു. ബസിലുണ്ടായ പലരും ഈ സിനിമ വേണ്ടെന്ന് പറഞ്ഞു. ചിലര്‍ ദിലീപിനെ കോടതി വെറുതെ വിട്ടില്ലേ എന്ന ചോദ്യവുമായി രംഗത്തെത്തി. ഈ വഷളന്റെ സിനിമ കാണാന്‍ താല്‍പ്പര്യമില്ലെന്ന് സ്ത്രീകളില്‍ ചിലര്‍ വിളിച്ചുപറഞ്ഞു. ഒടുവില്‍ കണ്ടക്ടര്‍ ടിവി ഓഫ് ചെയ്തു.
ഈ മാസം എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നത്. ആദ്യത്തെ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ വെറുതെവിടുകയായിരുന്നു. തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടിരുന്നു എന്ന് ആക്രമണത്തിന് ഇരയായ നടി പ്രതികരിച്ചു. ഗൂഢാലോചന നടത്തിയവര്‍ പുറത്തുള്ളത് ഭയപ്പെടുത്തുന്നു എന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.












Click it and Unblock the Notifications