'ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്, ആർക്കും കല്ലെറിയാം, കരിവാരിത്തേക്കാം';കണ്ണ് കലങ്ങി ദിലീപ് പറഞ്ഞത്
കൊച്ചി: 2017-ലാണ് കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ഓടുന്ന കാറിൽ വെച്ചാണ് നടി പീഡനത്തിന് ഇരയായത്. പിന്നാലെ തന്നെ കേസിൽ പൾസുർ സുനി അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയാണ് സുനി. അതുകഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ദിലീപ് 50 ലക്ഷത്തിന് തനിക്ക് ക്വട്ടേഷൻ നൽകിയതാണെന്നാണ് പൾസർ സുനി നൽകിയ മൊഴി. കേസിൽ 80 ദിവസത്തോളം ദിലീപ് ജയിൽവാസം അനുഭവിച്ചിരുന്നു. തുടർന്ന് കർശന വ്യവസ്ഥകളോടെ താരത്തിന് ജാമ്യം ലഭിച്ചു. കേസിനെ കുറിച്ച് പ്രതികരിക്കരുതെന്നായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ആര് തനിക്കെതിരെ കല്ലെറിഞ്ഞാലും തനിക്ക് പ്രതികരിക്കാൻ സാധിക്കാത്തത് എന്ന് പറയുന്ന ദിലീപിന്റെ ഒരു മുൻ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരിക്കൽ സത്യം വിളിച്ചുപറയാനുള്ള അവസരം ദൈവം തനിക്ക് തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിലീപ് പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകൾ-

' എനിക്കെല്ലാം തന്നത് സിനിമയാണ്. അഭിനയിക്കുന്നവരെ നിലനിർത്തുന്നത് പ്രേക്ഷകരാണ്. മിമിക്രി ചെയ്യുന്ന കാലം മുതൽ ഞാൻ അഭിനയിച്ച് തുടങ്ങി. ഏത് കാലത്തും ഏത് പ്രതിസന്ധിയിലും എന്നെ നിലനിർത്തുന്ന എന്റെ ഓഡിയൻസിനോടാണ് എന്റെ കമ്മിറ്റ്മെന്റ്. എനിക്ക് ചില സാഹചര്യങ്ങളിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ട്. എനിക്കെതിരെ പലതരം വിമർശനങ്ങളും വരുമ്പോൾ അതല്ല സത്യം എന്ന് പറയാൻ പറ്റാതെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. എന്നാൽ എന്നെങ്കിലും എന്റെ ഭാഗം പറയാൻ ദൈവം എനിക്കൊരു അവസരം തരുമെന്ന് പ്രതീക്ഷിച്ചാണ് ഓരോ ദിവസവും സഹിച്ച് ജീവിക്കുന്നത്.
എനിക്കെതിരെ എന്ത് വന്നാലും നിയമപരമായി മാത്രമേ നീങ്ങാനാകൂ. എന്നെ ആർക്കും കല്ലെറിയാം കരിവാരിത്തേക്കാം. പക്ഷെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. എന്റെ ശക്തി എന്ന് പറയുന്നത് എന്റെ പ്രേക്ഷകരാണ്. ഞാൻ ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരെന്നെ ഇഷ്ടപ്പെട്ടത്. എന്നിൽ അവര് അർപ്പിക്കുന്ന വിശ്വാസത്തിൽ എനിക്ക് തിരിച്ചും അവരോട് കമ്മിറ്റ്മെന്റുണ്ട്. അത് നിലനിർത്തുകയെന്നുള്ളതാണ്. അതിനായുള്ള പോരാട്ടം തുടരുകയാണ്', ദിലീപ് പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം പുരോഗമിക്കുകയാണ്. ഒരുമാസത്തിനുള്ളിൽ കേസിൽ വാദം പൂർത്തിയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ കഴിഞ്ഞ ദിവസം അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന ആവശ്യവുമായി അതിജീവിത കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ കോടതി ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റിനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications