സൂപ്പർ സ്റ്റാറുകളുടെ മോഹം വരെ വെട്ടിയ ദിലീപിന്റെ പ്രതാപ കാലം; ഇന്ന് ആ പവർ ഗ്രൂപ്പിലില്ല: വിനയന്‍
ആഷിഖ് അബു തന്നെ മുന്‍ നിർത്തി സിനിമാ മേഖലയില്‍ സങ്കേതിക പ്രവർത്തകരുടെ പുതിയ സംഘടന രൂപീകരിക്കുന്നുവെന്ന വാർത്തകള്‍ തള്ളി സംവിധായകന്‍ വിനയന്‍. അത്തരം വാർത്തകളൊക്കെ അടിസ്ഥാന രഹിതമാണ്. ആഷിഖ് അബുവും ഞാനും സംസാരിച്ചിട്ട് വർഷങ്ങളായിട്ടുണ്ടെന്നും റിപ്പോർട്ടർ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.
ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന വിനയന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന ആഷിഖ് അബുവിന്റെ പ്രതികരണം കണ്ടപ്പോഴാണ് അദ്ദേഹമൊക്കെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഞാന്‍ ഒരു പുതിയ യൂണിയന്‍ ഉണ്ടാക്കാനോ അതിന്റെ നേതൃത്വത്തില്‍ വരാനോ താല്‍പര്യപ്പെടുന്നില്ല.

ആഷിഖ് അബുവോ അല്ലെങ്കില്‍ വേറെ ഒരാളോ പുതിയൊരു യൂണിയന്‍ കൊണ്ടുവരാന്‍ ഉദ്ധേശിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യം. നല്ലതെന്ന് തോന്നുന്ന യൂണിയനുകളോട് ഞാന്‍ ചിലപ്പോള്‍ ചേർന്ന് പ്രവർത്തിച്ചേക്കാം. ഞാന്‍ പുതിയ സംഘടന ഉണ്ടാക്കുമെന്ന ഭയമൊന്നും ഫെഫ്ക ജനറല്‍ സെക്രട്ടറിക്ക് വേണ്ട. ഫെഫ്കയിലെ തൊഴിലാളികള്‍ എന്ന് പറയുന്നത് എന്റേയും സഹോദരന്മാരാണ്. അവർക്ക് വേണ്ടി ആദ്യം ഫൈറ്റ് ചെയ്തത് ഞാനാണ്. ആ സ്നേഹവും ബഹുമാനവുമൊക്കെ എനിക്ക് അവരോട് ഉണ്ടെന്നുള്ളതാണ് സത്യമെന്നും വിനയന്‍ പറയുന്നു.
അത്ഭുത ദ്വീപ് എന്ന ചിത്രത്തില്‍ പക്രുവാണ് നായകന്‍ എന്ന് പറഞ്ഞ് ഞാന്‍ ചിത്രം പ്രഖ്യാപിച്ചു. ജഗതിയും കല്‍പ്പനയുമൊക്കെയാണ് അന്ന് എന്നെ പിന്തുണച്ചത്. പൃഥ്വിരാജ് ഉണ്ടെങ്കില്‍ ആ പടം നിർത്തിക്കളയുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ താരങ്ങളുടെയൊക്കെ റിട്ടണ്‍ എഗ്രിമെന്റ് വെച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് പൃഥ്വിരാജും കൂടെ ഉണ്ടെന്ന് പറയുന്നത്.
ആരെങ്കിലും മാറിയാല്‍ കേസിന് പോകുമെന്ന് പറഞ്ഞു. കാരണം എന്റെ കയ്യില്‍ എഗ്രിമെന്റ് ഉണ്ടല്ലോ. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. അമ്മ സംഘടനയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെയാണ് പൃഥ്വിരാജിന്റെ വിലക്ക് മാറിയത്. പിന്നെ പൃഥ്വിരാജ് എനിക്ക് അനുകൂലമായി സംസാരിക്കണമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.
എന്റെ സിനിമകളിലൂടെ ഒരുപാട് പുതുമുഖങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ തുറന്ന് പറഞ്ഞാല്‍ പ്രതിസന്ധിയുടെ കാലത്ത് അവരില്‍ നിന്നും പിന്തുണയൊന്നും ലഭിച്ചിട്ടില്ല. ചിലർ എന്നെ കാണുമ്പോള്‍ മാറിപ്പോവുകയും, നിവൃത്തിയില്ലാതെ ഒന്ന് കണ്ട് മുങ്ങുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ഈ കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ ഒന്നും അങ്ങനെ ആരും പറഞ്ഞിട്ടില്ല.
കലാഭവന്‍ മണി ഒരിക്കല്‍ വീട്ടില്‍ വന്ന് കരഞ്ഞു. സാറിന് വേണ്ടി ഞാനൊരു കാസറ്റ് ചെയ്യാമെന്ന് പറഞ്ഞ്. തന്റെ കാസറ്റിന് വലിയ മാർക്കറ്റുണ്ട്. 50 ലക്ഷം രൂപയോളം കിട്ടും. ഞാന്‍ പറഞ്ഞു അതൊന്നും വേണ്ട. ആ സ്നേഹം മാത്രം മതിയെന്നും പറഞ്ഞു. ഞാന്‍ ഒറ്റക്കാണ്. ഫൈറ്റ് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല.
ദിലീപിന് ഇപ്പോള്‍ പവർ ഗ്രൂപ്പുമായി ബന്ധമില്ല. 2008 ലൊക്കെ 20-20 സിനിമ നിർമ്മിക്കുന്ന സമയത്ത്, ആ വലിയ പടം നിർമ്മിക്കണമെന്ന് വേറെ പല സൂപ്പർ സ്റ്റാറുകള്‍ പോലും വിചാരിച്ചിട്ട് ദിലീപിനാണ് അതിന് അവസരം ലഭിച്ചത്. കാരണം ദിലീപിന് അത്ര ബന്ധങ്ങളുണ്ട്. ദിലീപിന്റെ സിനിമ എടുത്ത് നോക്കിയാല്‍ കൂടുതല്‍ എന്റെ സിനിമകളാണെന്ന് തോന്നും. രാക്ഷസ രാജാവ് വരേയുള്ള സിനിമകളാണ് ചെയ്തെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications