ആസൂത്രിതമായ പ്രചാരണം, എല്ലാത്തിനും പിന്നില്‍ അയാളാണെന്ന് സംശയിക്കുന്നു; മറുപടിയുമായി കമല്‍
തിരുവനന്തപുരം: പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന് എതിരെ കഴിഞ്ഞ ദിവസം മലയാള വാര്‍ത്താ ചാനലായ ജനം ടിവി ബലാത്സംഗ ആരോപണം പുറത്തുവിട്ടിരുന്നു. നടി അയച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് തെളിവാക്കിയാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തെ തുടര്‍ന്നാണ് വാര്‍ത്ത. ഇക്കാര്യം ചാനലും വ്യക്തമാക്കിയിരുന്നു.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് ആരോപണം. ഒരു വര്‍ഷം മുമ്പാണ് മോഡലും നടിയും ആയ യുവതിയ്ക്ക് വേണ്ടി അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചത് എന്നാണ് ജനം ടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരായ ആസൂത്രിത പ്രചാരണമാണെന്നും കമല്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്.

ഒരു വര്‍ഷം മുമ്പ്
ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് തനിക്ക് ഒരു നിയമപരമായ അറിയിപ്പ് ലഭിച്ചിരുന്നു എന്നത് സത്യമാണ്. അന്ന് ഞാന്‍ എന്റെ അഭിഭാഷകുമായി സംസാരിച്ചു. ഇത് തെറ്റായ ആരോപണമായതിനാല്‍ എതിര്‍കക്ഷികള്‍ അടുത്ത നടപടികളിലേക്ക് കടക്കുന്നതുവരെ കാത്തിരിക്കണമെന്ന്് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് പിന്നെ ഒരു നടപടി അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. അതുകൊണ്ട് ഞാന്‍ അക്കാര്യം അവഗണിച്ചു- അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

പിന്നില്‍ അയാള്‍
തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന ആസൂത്രിതമായ പ്രചരണമാണെന്നാണ് ഞാന്‍ കരുതുന്നത്. ചലച്ചിത്ര അക്കാദമിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. അയാള്‍ക്ക് അഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് ജോലി രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ഈ നോട്ടീസ് വന്നത് എന്റെ വക്കീലിനും പിന്നെ ഇയാള്‍ക്കും മാത്രമാണ് അറിയാവുന്നത്. എന്നാലും അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ എന്റെ കൈയില്‍ ഇപ്പോള്‍ തെളിവൊന്നുമില്ലെന്നും കമല്‍ പറഞ്ഞു.

ചാനലില്‍ വന്ന പ്രതികരണം
തന്റെ പേരില്‍ ചാനലില്‍ വന്ന പ്രതികരണം തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണെന്നും കമല്‍ പ്രതികരിച്ചു. ഈ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യമല്ല ചാനലുകാര്‍േ തന്നോട് ചോദിച്ചത്. ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അത് പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍ അവസാനിച്ചോ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ തന്നോട് ചോദിച്ചത്. അതിനുള്ള മറുപടിയാണ് ഞാന് പറഞ്ഞത്.

എന്റെ മതം
അതേസമയം, തന്റെ മതം കാരണമാണ് ആ ചാനല്‍ തന്നെ ആക്രമിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അവര്‍ എന്നെ കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്നാണ് വിളിക്കുന്നത്. മലയാള സിനിമയ്ക്ക് കമാലുദ്ദീനില്ല. കമലിനെ മ്ത്രമേ അറിയൂ. എന്തുകൊണ്ടാണ് നടി ഒരു കേസ് പോലും ഫൈല്‍ ചെയ്യാത്തത്? എന്തുകൊണ്ടാണ് നടി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പോലുമിടാത്തത്. എന്റെ സിനിമയിലേക്ക് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് കാസ്റ്റിംഗ് ടീമിലൂടെയും അസോസിയേറ്റ്‌സിലൂടെയുമാണ്- കമല്‍ പറഞ്ഞു.

കേസ്
ഈ ആരോപണം കോടതിയിലെത്താതെ പുറത്ത് നിന്ന് ഒത്തുതീര്‍പ്പാക്കിയെന്നാണ് ചാനല്‍ പറയുന്നത്. എന്നാത് അത് തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ചാനലിനെതിരെയും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കമല്‍ പറഞ്ഞു.

പ്രണയമീനുകളുടെ കടല്‍
2019 ഒക്ടോബര്‍ 4 ന് ആണ് കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന സിനിമ റിലീസ് ചെയ്യുന്നത്. വിനായകനും ദിലീഷ് പോത്തനും ആയിരുന്നു പ്രധാന താരങ്ങള്‍. ഗബ്രി ജോസ്, റിദ്ധി കുമാര്‍ ജോ ജോണ്‍ ചാക്കോ എന്നിവരും ഈ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. ഈ സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications