'എനിക്ക് സംഘി പട്ടം ചാർത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട്'; രാഷ്ട്രീയം പറഞ്ഞ് ഒമർ ലുലു

കൊച്ചി: രാഷ്ട്രീയം തുറന്ന് പറഞ്ഞ് സംവിധായകൻ ഒമർ ലുലു. നോമ്പ് സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സംവിധായകൻ പോസ്റ്റ് പങ്കിട്ടിരുന്നു. തുടർന്ന് സംഘിയെന്ന നിലയ്ക്കുള്ള ട്രോൾ വിമർശനങ്ങൾ വന്നതോടെയാണ് ഒമർ ലുലുവിന്റെ പ്രതികരണം. തന്നെ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ടതില്ലെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. കോളേജ് കാലം തൊട്ട് ലീഗ് അനുഭാവിയായിരുന്നുവെന്നും ഇനി ഞാന്‍ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ പിടിക്കൂവെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഒമർ ലുലുവിന്റെ ആദ്യ കുറിപ്പ് ഇങ്ങനെ-കഴിഞ്ഞ നോമ്പിനു ഹോട്ടലുകൾ അടച്ചിടരുത് എന്ന് പറഞ്ഞതിന് ഇന്നും കളിയാക്കിക്കൊണ്ടുള്ള ഉന്നക്കായ കമ്മന്റ്സും ടാഗുകളും വന്ന് കൊണ്ട് ഇരിക്കുന്നു.ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ, പ്രായാധിക്യം ആയ ആളുകൾ, അസുഖം ഉള്ളവർ,നോമ്പ് ഇല്ലാത്തവർ,കുട്ടികൾ ഇവർ ഒക്കെ ആയി പരിചിതമല്ലത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മുക്ക് അറിയില്ല നോമ്പിനു ഏതൊക്കെ ഹോട്ടൽ പ്രവർത്തിക്കും എന്നും അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നും.
നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അതും ഒരു ദിവസം അല്ലാ 30 ദിവസമുള്ള ആചാരമാണ് നോമ്പ്. പ്രത്യേകിച്ച് നമ്മൾ ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ്. പകൽ നോമ്പ് സമയം ഹോട്ടലുകളിൽ കച്ചവടം കുറയുന്നത് കാരണം ഹോട്ടൽ അടച്ചിടരുത് പകരം ഒരുപാട് ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങൾ നല്ല രുചികരമായി കൊടുക്കുക. ഞാന്‍ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം .
ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകൾ അടച്ച് ഇടരുത് വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു'.
രാഷ്ട്രീയം പങ്കുവെച്ച് കൊണ്ടുള്ള പോസ്റ്റ് ഇങ്ങനെ-
'എനിക്ക് സംഘി പട്ടം ചാർത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്
എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാന്‍ കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രിയമേ ഇല്ലാ .
ഇനി ഞാന്‍ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ.
എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം.
എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും'












Click it and Unblock the Notifications