വിനായകനെ ഉഴുതുമറിച്ചവർ ആരും വരില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ സനൽകുമാർ ശശിധരൻ
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമായി ഉയരുകയാണ്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍ രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത പക്ഷം ഭാവി കേരളം സര്‍ക്കാരിന് മാപ്പ് നല്‍കില്ലെന്നാണ് ടി പത്മനാഭന്‍ പറഞ്ഞത്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നടന്‍ വിനായകനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണത്തെ താരതമ്യം ചെയ്താണ് സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഉഴുതുമറിക്കാന്‍ വിനായകനെ ഉഴുതുമറിച്ചവര്‍ ആരും വരില്ല. ആരുടെ പുറത്തു കുതിരകേറാനാണ് എളുപ്പമെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം.

ഹേമ കമ്മി(റ്റി/ഷന്‍) റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഉഴുതുമറിക്കാന്‍ വിനായകനെ ഉഴുതുമറിച്ചവര്‍ ആരും വരില്ല. ആരുടെ പുറത്തു കുതിരകേറാനാണ് എളുപ്പമെന്ന് എല്ലാവര്‍ക്കുമറിയാം. പണമാണ് ലോകം. അതെ. പണം മാത്രമാണ് ലോകം. പ്രണയത്തില്‍, ലൈംഗീകതയില്‍, നിയമത്തില്‍, വിചാരണകളില്‍ എല്ലാം. (ജാതിയും നിറവും കുലവും പിന്നാലെയുണ്ട്)
ഇതിനുമുന്‍പ് കൃത്യമായ സ്ത്രീ വിരുദ്ധതയുള്ള എത്ര അഭിമുഖങ്ങള്‍ക്ക് നിങ്ങള്‍ കയ്യടിച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ സൗകര്യപൂര്‍വമുള്ള മറവികള്‍ എല്ലാവരെയും വന്ന് പുല്‍കും. പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ കഥാകൃത്ത് ടി പത്മനാഭന്‍ ഇന്ന് ചെയ്തത് വലിയൊരു കാര്യമാണ്. കോടികള്‍ മുടക്കി നടത്തിയ പഠനം റിപ്പോര്‍ട്ടായപ്പോള്‍ അത് പൂഴ്ത്തിവെയ്ക്കപ്പെടുന്നതിനു കാരണം അതുപുറത്തുവന്നാല്‍ അധികാരം കയ്യിലുള്ളവര്‍ക്ക് പൊള്ളും എന്നതുതന്നെയാണ്. 'വെള്ളപൂശിയ കുഴിമാടങ്ങള്‍' നിശ്ചയിക്കുന്ന സോഷ്യല്‍ മീഡിയ വിചാരണകളാണ് ഇവിടെ നടക്കുന്നത് . ചിലര്‍ അതില്‍ അറിയാതെ വീഴുന്നു. ചിലര്‍ അറിഞ്ഞുകൊണ്ട് അതിനെ ആളിക്കത്തിക്കുന്നു. എന്താണ് പുറത്തുവരേണ്ടത് എന്നും എന്താണ് പൂഴ്ത്തിവെയ്ക്കപ്പെടേണ്ടത് എന്നും അവര്‍ നിശ്ചയിക്കും- സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു .












Click it and Unblock the Notifications