സംവിധായകന്‍ സിദ്ധീഖിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങി പ്രേക്ഷകരും സിനിമാ ലോകവും: ഖബറടക്കം ഇന്ന്
കൊച്ചി: അന്തരിച്ച പ്രമുഖ സംവിധായകന്‍ സിദ്ധീഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബർ സ്ഥാനിലായിരിക്കും ഖബറടക്കം. ഇന്ന് രാവിലെ 9 മണി മുതല്‍ സിദ്ധീഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പന്ത്രണ്ട് മണി വരെ പൊതുജനങ്ങള്‍ക്കും സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെ അവസരം ഉണ്ടാകും. പന്ത്രണ്ട് മണിക്ക് ശേഷം മൃതദേഹം കൊച്ചിയില്‍ തന്നേയുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോവും.

ഇന്നലെ വൈകീട്ട് 9 മണിയോടെ കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു സിദ്ധീഖിന്റെ അന്ത്യം. കരള്‍ രോഗ ബാധിതനായ സിദ്ധീഖിനെ കഴിഞ്ഞ മാസമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ഹൃദയാഘാതം സംഭവിച്ചു. ഇതാണ് ആരോഗ്യ നില ഗുരുതരമാക്കിയത്. തുടർന്ന് എക്മോ സപ്പോർട്ടിലായിരുന്നു സിദ്ധീഖ് കഴിഞ്ഞിരുന്നത്.
മലയാള സിനിമയ്ക്ക് പുതിയ വഴി വെട്ടുകയും മേല്‍വിലാസം ചാർത്തുകയും ചെയ്ത സംവിധായകനാണ് സിദ്ധീഖ്. സിദ്ധീഖ് ലാല്‍ കൂട്ടുകെട്ടിലും സ്വതന്ത്ര സംവിധായക വേഷത്തിലും അദ്ദേഹം ചെയ്ത പല സിനിമകളും മലയാളത്തിലെ എക്കാലത്തേയും വലിയ സൂപ്പർ ഹിറ്റാണ്. 400 ദിവസം തുടർച്ചയായി ഓടി റെക്കോർഡ് സൃഷ്ടിച്ച ഗോഡ്ഫാദറും ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണക്കാരന് ബന്ധിപ്പിക്കുന്ന, അവരിലേക്ക് ഇറങ്ങി ചെല്ലുന്ന കഥകളും ഹാസ്യവുമായിരുന്നു സിദ്ധീഖ് സിനിമകളുടെ കരുത്ത്.
1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. ചെറു നാടകങ്ങളിലൂടെ ആരംഭിച്ച് മിമിക്രി വേദിയിലെത്തിയ സിദ്ധീഖ് കലാഭവന്‍ ട്രൂപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് സ്കൂളില്‍ ക്ലർക്കായി ജോലി ലഭിക്കുന്നത്. എന്നാല്‍ കലാ രംഗത്തോട് ഒരു വിടപറയല്‍ സാധ്യമല്ലാതിരുന്ന സിദ്ധീഖ് ഫാസിലിന്റെ സംവിധാന സഹായികളായി സിനിമ രംഗത്തേക്ക് കടന്ന് വരികയായിരുന്നു.
1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായ നാടോടിക്കാറ്റിന്റെ കഥയും സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടിന്റേതായിരുന്നു. 1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, മന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ.
കൂട്ടുകെട്ട് വേർപിരിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആന്റ് ജന്റിൽ മാൻ, കിംഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ തുടങ്ങിയ ചിത്രങ്ങളും വിജയം നേടി. ഇതില്‍ പല ചിത്രങ്ങളും അന്യഭാഷകളിലേക്ക് റിമേക്ക് ചെയ്തും വന്‍ ഹിറ്റുകളായി മാറിയിരുന്നു. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം.












Click it and Unblock the Notifications