മറുനാടന്‍ തൊഴിലാളികളില്‍ മന്ത് രോഗം; കായക്കൊടിയില്‍ ഗ്രാമപഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധം
കോഴിക്കോട്: മറുനാടന്‍ തൊഴിലാളികളില്‍ മന്ത് കണ്ടെത്തിയ കായക്കൊടിയില്‍ ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധം വ്യാപകം. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ലാതിരുന്നിട്ടും പഞ്ചായത്ത് അനുമതി നല്‍കുകകയാണെന്നും ഇത്തരത്തില്‍ അനുമതി നേടുന്ന കെട്ടിടങ്ങളിലാണ് ഇതരസംസ്ഥാനക്കാര്‍ ഇടതിങ്ങി താമസിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കെട്ടിട ഉടമകളുമായുള്ള തര്‍ക്കം കഴിഞ്ഞയാഴ്ച നാട്ടുകാര്‍ തമ്മിലുള്ള കൈയാങ്കളിയില്‍ എത്തിയിരുന്നു. ആവശ്യത്തിന് സാനിറ്റേഷന്‍ സൗകര്യങ്ങളോ മറ്റോ ഇല്ലാതെ ഇതരസംസ്ഥാനക്കാരെ കെട്ടിടങ്ങളിലെ മുറികളില്‍ കുത്തിനിറക്കുകയാണ് എന്നാണ് ആരോപണം. വീടുകളും ഇതുപോലെ വാടകയ്ക്ക് നല്‍കുന്നുണ്ട്. തൊഴിലാളികളുടെ ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും മറ്റും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. പക്ഷെ, കെട്ടിട ഉടമകള്‍ ഇവയൊന്നും പാലിക്കുന്നില്ല. ഇനി വലിയ കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍പ്പോലും തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പൊലീസ് കുഴങ്ങും.
അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കി. കഴിഞ്ഞ ദിവസം കായക്കൊടി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ബിജു, എന്‍.കെ ഫിര്‍ദൗസ്, രജില്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കുറ്റ്യാടി സിഐയുടെ എന്‍. സുനില്‍ കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി, വൈസ് പ്രസിഡന്റ് ടി.ടി നാണു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു, ഒ.പി മനോജ്, തയ്യുള്ളതില്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായക്കൊടിയില്‍ ഇതിനകം നാല്‍പ്പതോളം മറുനാടന്‍ തൊഴിലാളികളില്‍ മന്ത് അണുബാധ കണ്ടെത്തിയിരുന്നു.

സമീപ പഞ്ചായത്തായ കുറ്റ്യാടിയിലും നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറ്റ്യാടി ടൗണിലും പരിസരത്തുമായി നിരവധി കെട്ടിടങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇതില്‍ പലതിനും ഇവരെ താമസിപ്പിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്താണെന്നു പോലും അറിയില്ല. അതിനാല്‍ കെട്ടിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കായക്കൊടിയില്‍ ചെയ്തതുപോലെ തൊഴിലാളികളുടെയും നാട്ടുകാരുടെയും രക്തസാംപിളുകള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications