പിജി ഡോക്ടർമാർ സമരം പൂർണമായി പിൻവലിച്ചു; രാവിലെ എട്ട് മണി മുതൽ ജോലിക്ക് കയറും
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ പിജി ഡോക്ടർമാർ ആരംഭിച്ച സമരം പൂർണ്ണമായി പിൻവലിച്ചു. നാളെ മുതൽ എല്ലാ ഡ്യൂട്ടിയും എടുക്കാൻ ആണ് തീരുമാനം. ആശുപത്രികളുടെ സുരക്ഷയിൽ സർക്കാർ നടപടി നോക്കി ബാക്കി തീരുമാനമെടുക്കുമെന്നും പി ജി ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞദിവസം കെജിഎംഒഎയും പിന്നാലെ ഐഎംഎയും, നടത്തിയിരുന്ന ഡോക്ടർമാരുടെ സമരം പിൻവലിച്ചിരുന്നു. മെയ് 10നാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടർ വന്ദന കൊല്ലപ്പെട്ടത്. പോലീസ് വൈദ്യ പോരിശോധനയ്ക്ക് എത്തിച്ച സന്ദീപ് ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെ ഭാഗികമായി പിജി ഡോക്ടർമാർ സമരം പിൻവലിച്ചിരുന്നു. അതിന് പിന്നാലെയാണ് പൂർണമായും ഇപ്പോൾ പിൻവലിച്ചത്. പിജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തം ആക്കിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും കമ്മിറ്റി രൂപീകരിക്കുക. സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നത് വരെ ഹൗസ് സർജൻമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന ആവശ്യവും അംഗീകരിച്ചു.
ആഴ്ചയിലെ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുന്ന കാര്യവും സർക്കാർ തത്വത്തിൽ അംഗീകരിച്ചുി. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരെ അനുവദിക്കും . ഒരുമാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് പറഞ്ഞിരിക്കുന്നത്,. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്ക് എസ്ഒപി പുറത്തിറക്കും എന്നും മന്ത്രി പറഞ്ഞു.
ഡോക്ടർമാർക്കൊപ്പമാണ് സർക്കാരെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന രീതിയിൽ സമരം ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ആശുപത്രികളിലെ സുരക്ഷാ ഓഡിറ്റ് സമയബന്ധിതമായി നടത്തുമെന്നും എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്നും മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. എല്ലാ ആശുപത്രികളിലും സിസിടിവി ക്യാമറ ഉറപ്പാക്കുമെന്നും വീണ പറഞ്ഞു.
അതേസമയം, ഡോ വന്ദന ദാസിന്റെ പേര് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് നൽകാൻ തീരുമാനിച്ചു. . വന്ദനയുടെ പേര് ഇടുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പ് ഡയരക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വന്ദനയോടുള്ള ആദരസൂചകം ആയിട്ടാണ് പേര് നൽകുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications