വന്ദനയുടെ കൊലപാതകം; ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കില്‍, ശക്തമായ പ്രതിഷേധത്തിലേക്കെന്ന് ഐഎംഎ
കൊല്ലം: കൊട്ടാരക്കരയില്‍ വൈദ്യപരിശോധനക്കിടെ പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ. യുവഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍ 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സമരപരിപാടികളാണ് ഐ എം എ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരെ നീണ്ട് നില്‍ക്കുന്നതാണ് സമരപരിപാടികള്‍.
അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കും എന്ന് ഐഎംഎ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള മുഴുവന്‍ ഡോക്ടര്‍മാരും 24 മണിക്കൂര്‍ സമരത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്ന് തീരുമാനിക്കും. സംഭവത്തില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കും എന്ന സൂചനയാണ് ഐഎംഎ നല്‍കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ കേരളത്തിലെ പൊതു മനസാക്ഷി ഉണരേണ്ടതുണ്ട് എന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി പറഞ്ഞു.

നിരന്തരമായ ആക്രമണം ഉണ്ടാകുന്ന ഘട്ടം സ്വീകാര്യമല്ല. സ്വസ്ഥമായി, സ്വതന്ത്രമായി, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുമന:സാക്ഷി ഈ വികാരം ഉള്‍ക്കൊണ്ട് സമരത്തെ കാണണം എന്നും ഡോ. സുല്‍ഫി പറഞ്ഞു. സമീപ കാലത്തായി സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.
ഇതിനെതിരേ പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ല എന്ന തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരേ അക്രമം വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഐഎംഎ കേരള ഘടകം ഈ മാര്‍ച്ചില്‍ പണിമുടക്ക് നടത്തിയിരുന്നു. കേരളത്തില്‍ അഞ്ചുദിവസത്തില്‍ ഒന്ന് എന്ന തോതിലാണ് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതെന്നാണ് ഐഎംഎ പറയുന്നത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് കൊട്ടാരക്കരയില്‍ വൈദ്യപരിശോധനക്ക് എത്തിയ യുവാവിന്റെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. ശരീരത്തില്‍ അഞ്ചിലധികം കുത്തുകളേറ്റ വനിത ഡോക്ടര്‍ പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ആക്രമിക്കപ്പെട്ടത്. സന്ദീപ് എന്ന അധ്യാപകനായിരുന്നു ഡോക്ടറെ ആക്രമിച്ചത്. പൊലീസിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് സന്ദീപ് ആശുപത്രിയിലേക്ക് എത്തിയത്.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് സന്ദീപ്. കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശിയാണ് ഇയാള്‍. സന്ദീപ് ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാരണത്താല്‍ തന്നെ ഇയാളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഡീഅഡിക്ഷന്‍ സെന്ററിലായിരുന്ന പ്രതി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത് എന്നാണ് അറിയാന്‍ കഴിയുന്നത്.
ചൊവ്വാഴ്ച രാത്രി ബന്ധുക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ കാലില്‍ മുറിവേറ്റു. തുടര്‍ന്ന് സന്ദീപ് തന്നൈപാലീസ് സ്റ്റേഷനില്‍ വിളിച്ച് തന്നെ ആശുപത്രിയില്‍ എത്തിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. സന്ദീപ് ആക്രമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസറും ഹൗസ് സര്‍ജനായ വന്ദനയും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വന്ദനയ്ക്ക് രക്ഷപ്പെടാനായില്ല.
ഇതോടെ വന്ദനയെ പ്രതി ആക്രമിക്കുകയായിരുന്നു. വന്ദനയുടെ കഴുത്തിലും നെഞ്ചിലും പിറകിലും ഉള്‍പ്പെടെ മാരകമായി കുത്തേറ്റിട്ടുണ്ട്. സന്ദീപിന്റെ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും ഹോംഗാര്‍ഡിനും കുത്തേറ്റു. തുടര്‍ന്ന് കൂടുതല്‍ പേരെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കോട്ടയം മുട്ടുച്ചിറ സ്വദേശിനിയായ വന്ദനദാസ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്.












Click it and Unblock the Notifications