'വസ്ത്രധാരണം ഓരോ മനുഷ്യന്റെയും അവകാശം, ആരും കടന്നുകയറേണ്ടതില്ല'; അനിൽ കുമാറിനെ തള്ളി എംവി ഗോവിന്ദൻ
തിരുവനന്തപുരം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സി പി എം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്റെ പ്രസ്താവനയെ തള്ളി സി പി എം. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമാണെന്നും അതിൽ ആരും കടന്ന് കയറി അഭിപ്രായം പറയേണ്ടതില്ലെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് അനിൽ കുമാറിന്റെ പ്രസ്താവനയെന്നും അതിനാൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആ പരാമർശം പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മാധ്യമങ്ങളിലൊക്കെ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് എസെന്‍സ് ഗ്ലോബല്‍ എന്ന യുക്തിവാദ സംഘടന തിരുവനന്തപുരത്ത് നടത്തിയ ഒരു സെമിനാറില്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ അനില്‍കുമാര്‍ നടത്തിയ പ്രസ്താവന. അതില്‍ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ തട്ട ധാരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിക്കുന്നുണ്ട്. ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണം കോടതിയുടെ പ്രശ്നമായി മാറ്റുന്നതില്‍ ആര്‍ക്കും യോജിക്കാനാകുമായിരുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യം കൂടിയാണ് അത്. ഇക്കാര്യത്തില്‍ ഹിജാബ് പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. സംസ്ഥാന നേതൃത്വവും അഖിലേന്ത്യാ നേതൃത്വവും നിലപാട് വ്യക്തമാക്കിയിരുന്നു.

വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യാവകാശത്തിന്റെ ഭാഗമാണ്. അതിലേക്ക് കടന്ന് ചെന്ന് ഒരു നിലപാടും സ്വീകരിക്കേണ്ട കാര്യമില്ല.
ഒരാൾ ഈ രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിർദ്ദേശിക്കാനോ, അതിനെതിരെ എന്തെങ്കിലും വിമർശനാത്മകമായി ചൂണ്ടിക്കാണിക്കാനോ ഞങ്ങൾ ആരും ആഗ്രഹിക്കുന്നതല്ല.
വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവും ഓരോരുത്തരുടെയും ഭരണഘടനാപരമായ അധികാരാവകാശങ്ങളിൽ പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ അനില്‍കുമാറിന്റെ പ്രസംഗത്തിലെ ആ പരാമർശം പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ്.അനില്‍കുമാറിന്റെ പ്രസംഗം മുഴുവന്‍ അനുചിതമാണെന്നു പറയാനാവില്ല. വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ല', അദ്ദേഹം പറഞ്ഞു.
തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമാണെന്നായിരുന്നു അനിൽകുമാറിന്റെ പ്രസംഗത്തിലെ പരാമർശം.. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും മുസ്ലിം സംഘടനകളില്‍ നിന്നും ശക്തമായ എതിർപ്പാണ് ഉയർന്നത്. കെടി ജലീൽ അടക്കമുള്ളവർ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറി തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.












Click it and Unblock the Notifications