ദുല്‍ഖര്‍ സല്‍മാന്‍ പണം ഇറക്കേണ്ടി വരും; ഡിഫന്‍ഡര്‍ വിട്ടുകിട്ടാന്‍ വഴിയൊരുങ്ങി, എങ്കിലും കുരുക്ക്
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ വഴിയൊരുങ്ങി. വാഹനം പിടിച്ചെടുത്ത കസ്റ്റംസിന്റെ നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കാനും ഒരാഴ്ച്ചയ്ക്കകം തീരുമാനം എടുക്കാനും കസ്റ്റംസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത് ദുല്‍ഖറിന് ആശ്വാസമായി.
എന്നാല്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടുമെന്ന് ഉറപ്പിക്കാന്‍ ആയിട്ടില്ല. കാരണം വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് ദുല്‍ഖല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഒരുപക്ഷേ, വാഹനത്തിന്റെ വില കെട്ടിവയ്‌ക്കേണ്ടിയും വരും. എന്നിട്ടും വിട്ടുകൊടുക്കാന്‍ കസ്റ്റംസ് തയ്യാറായില്ലെങ്കില്‍ കാര്യകാരണം സഹിതമുള്ള മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

വാഹനം പിടിച്ചെടുത്തതില്‍ ഹൈക്കോടതിയെ സമീപിച്ച നടന്റെ നീക്കത്തിലെ പാളിച്ച കസ്റ്റംസ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ദുല്‍ഖര്‍ സമീപിക്കേണ്ടിയിരുന്നത് ഹൈക്കോടതിയെ അല്ല. കസ്റ്റംസിലെ അപ്പലറ്റ് അതോറിറ്റിയെ ആണ് എന്നാണ് കസ്റ്റംസിന്റെ വാദം. എന്നാല്‍ ദുല്‍ഖറിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വാഹനത്തിന്റെ രേഖകള്‍ ലഭിച്ചാല്‍ പോരേ, വാഹനം കസ്റ്റഡിയില്‍ വേണം എന്നുണ്ടോ എന്നു കോടതി ചോദിച്ചു.
കസ്റ്റംസിന് ദുല്‍ഖറിന്റെ വാഹനം വിട്ടുകൊടുക്കാനും പിടിച്ചുവയ്ക്കാനും സാധിക്കും. എന്നാല്‍ വിട്ടുകൊടുക്കേണ്ട എന്ന് തീരുമാനിച്ചാല്‍ കാരണം വ്യക്തമാക്കേണ്ടി വരും. മാത്രമല്ല, വിട്ടുതന്നില്ലെങ്കില്‍ ദുല്‍ഖറിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനും സാധിക്കും. ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ വാഹനം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിടന്നാല്‍ നശിക്കുമെന്ന കാര്യമാണ് ദുല്‍ഖര്‍ ചൂണ്ടിക്കാട്ടിയത്.
എല്ലാം ബാങ്ക് ഇടപാട്, എന്നിട്ടും?
ദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണ്, കള്ളക്കടത്ത് വാഹനമാണോ എന്ന് പരിശോധിച്ചു വരികയാണ്, അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ വാഹനം വിട്ടുകൊടുക്കാന്‍ സാധിക്കില്ല തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് കോടതിയില്‍ വാദിച്ചത്. നേരിട്ട് ഹൈക്കോടതിയെ സമീപിച്ച ദുല്‍ഖറിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വാദിച്ചു. എന്നാല്‍ വിട്ടുകൊടുക്കുന്നത് പരിഗണിക്കണം എന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നിര്‍ദേശിച്ചു.
താന്‍ നിയമപരമായിട്ടാണ് വാഹനം വാങ്ങിയത്. ബാങ്ക് ഇടപാട് വഴിയാണ് എല്ലാം പൂര്‍ത്തിയാക്കിയത്. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിടന്നാല്‍ വാഹനം നശിക്കും. അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ദുല്‍ഖര്‍ നിലപാട് സ്വീകരിച്ചു. ഫലത്തില്‍ ഹൈക്കോടതിയുടെ തീരുമാനം ദുല്‍ഖറിന് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും കസ്റ്റംസിന്റെ തീരുമാനം തന്നെയാണ് ഇപ്പോഴും നിര്‍ണായകം.
ഡിഫന്‍ഡര്‍ ഉള്‍പ്പെടെ ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ സംഘത്തിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതും വാഹനങ്ങള്‍ പിടിച്ചെടുത്തതും എന്ന് കസ്റ്റംസ് പറയുന്നു. ദുല്‍ഖറിന്റെ മറ്റു വാഹനങ്ങളുടെ ഇടപാടുകള്‍ കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ എല്ലാം സുതാര്യമായ ഇടപാടാണ് എന്ന് ദുല്‍ഖര്‍ കോടതിയെ ബോധിപ്പിച്ചു.












Click it and Unblock the Notifications