'എന്നത്തേയും പോലെ നുണ കൂമ്പാരങ്ങൾ പൊളിഞ്ഞു വീഴുന്ന കാഴ്ച്ച'; ആർഷോയെ പിന്തുണച്ച് വികെ സനോജ്
തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. അമൽ ജ്യോതി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുളള മനപ്പൂർവ്വമായ ശ്രമമാണ് ആർഷോയ്ക്ക് എതിരെ ഉണ്ടായത് എന്ന് വികെ സനോജ് ആരോപിച്ചു.
വികെ സനോജിന്റെ പ്രതികരണം: 'എന്നത്തേയും പോലെ നുണ കൂമ്പാരങ്ങൾ പൊളിഞ്ഞു വീഴുന്ന കാഴ്ച്ചയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഖാവ് പി.എം ആർഷോയുടെ പരീക്ഷാ ഫലത്തെ മുൻ നിർത്തിയുണ്ടാക്കിയ വിവാദത്തിന്റെ ഒടുവിലും കണ്ടത്. 2020 ബാച്ച് വിദ്യാർത്ഥിയായ ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്ടർ ചെയ്തങ്കിലും പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.

എന്നാൽ ഇപ്പോൾ റിസൾട്ട് വന്നത് 2021 ബാച്ചിലെ 3rd സെമസ്റ്ററിന്റതാണ്.
യഥാർത്ഥത്തിൽ ഈ ബാച്ചിനൊപ്പം ആർഷോ പരീക്ഷയ്ക്ക് രജിസ്ടർ ചെയ്തിട്ടില്ല, പരീക്ഷ എഴുതിയിട്ടും ഇല്ല. എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ഇറങ്ങുകയും അത് മാധ്യമ വാർത്ത ആവുകയും കള്ളം പ്രചരിപ്പിക്കപ്പെട്ടതും എന്തിനാണെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസിലാവും ലക്ഷ്യം SFI വേട്ടയാണ്.
2020- ബാച്ചു കാരനായ ആർഷോയുടെ പരീക്ഷ ഫലം 2021 ബാച്ച് റിസൾട്ടിന്റെ കൂടെ പ്രസിദ്ധീകരിച്ചു വന്ന റിസൾട്ട് ഒറ്റ നോട്ടത്തിൽ തന്നെ സാങ്കേതിക പിഴവോ ഫലം പ്രസിദ്ധീകരിച്ചവരുടെ പ്രശ്നമോ ആണെന്ന് മനസിലാകും. എന്നാൽ മാധ്യമങ്ങൾ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വാർത്തകൾ പടച്ചു വിടുകയായിരുന്നു. ഒടുവിൽ കോളേജ് പ്രിൻസിപ്പൽ തന്നെ സംഭവിച്ചത് സാങ്കേതിക പിഴവാണെന്ന് പറയുകയും ചെയ്തു.
അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സമരത്തെ മുന്നിൽ നിന്ന് നയിച്ച നേതാവാണ് പി.എം ആർഷോ. അമൽ ജ്യോതി വിഷയം പൊതു ചർച്ചകളിൽ നിന്ന് മറ്റേണ്ടത് ചില മാധ്യമങ്ങളുടെയും കൂടി താൽപര്യമായിരുന്നു. കൂട്ടത്തിൽ റീവാല്യഷൻ ക്രമക്കേട് കാണിച്ച കെ.എസ്.യു പ്രവർത്തകയായ വിദ്യാർത്ഥിനിയെ സഹായിച്ച കോളേജ് അധികൃതർക്കെതിരെയുള്ള അന്വേഷണവും അട്ടിമറിക്കണം.
അതിനായി പല നിലയിൽ പ്ലാൻ ചെയ്ത് വലതുപക്ഷ മാധ്യമങ്ങളെ കൂട്ട് പിടിച്ച് നടത്തിയ അട്ടിമറിയുടെ ഭാഗമാണ് ഈ 'സാങ്കേതിക പിഴവെന്ന് ' ന്യായമായും സംശയിക്കാവുന്നതാണ്. പി.എം ആർഷോക്ക് നേരെയുള്ള മാധ്യമ വേട്ട ഇതാദ്യമായല്ല. ആർഷോയിലൂടെ SFI എന്ന മഹാ പ്രസ്ഥാനത്തെയാണ് ഇവർ ലക്ഷ്യമിടുന്നത് എന്ന് അറിയാഞ്ഞിട്ടുമല്ല.വ്യാജ വാർത്തകൾ കൊണ്ട് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാമെന്ന് ആരും സ്വപ്നം കാണുകയും വേണ്ട'.












Click it and Unblock the Notifications