ജാതിയുടെ പേരിൽ കോൺഗ്രസിലെ സൈബർ ആക്രമണം, കൊടിക്കുന്നിലിനെ പിന്തുണച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കോൺഗ്രസിനുളളിൽ നിന്ന് തന്നെ തനിക്ക് നേരിട്ട ജാതി വിവേചനം വെളിപ്പെടുത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് പിന്തുണയുമായി ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ. കോൺഗ്രസ്സിനുള്ളിലെ സവർണ്ണ മേധാവിത്വത്തിന്റെയും സംഘപരിവാർ ബോധത്തിന്റെയും തെളിവാണ് കൊടിക്കുന്നിലിന്റെ വെളിപ്പെടുത്തലെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു
ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തിലാണ് ദളിതന്‍ ആയത് കൊണ്ട് മാത്രം ക്രൂരമായ സൈബര്‍ ആക്രമണം സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും നേരിടേണ്ടി വന്നതായി കെപിപിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൂടിയായ കൊടിക്കുന്നില്‍ സുരേഷ് വെളിപ്പെടുത്തിയത്. ഗള്‍ഫിലെ കോണ്‍ഗ്രസുകാരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായത് എന്നും തന്റെ കുടുംബത്തെ പോലും ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചിരുന്നു.

ജാതിയുടെ പേരിൽ കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസ്സുകാരിൽ നിന്നും നേരിടേണ്ടി വന്ന സൈബർ ആക്രമണം കോൺഗ്രസ്സിനുള്ളിലെ സവർണ്ണ മേധാവിത്വത്തിന്റെയും സംഘപരിവാർ ബോധത്തിന്റെയും തെളിവാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. "കെപിസിസി പ്രസിഡന്റാകാന്‍ എല്ലാ യോഗ്യതയും ഉള്ളതു കൊണ്ടാണ് അതിനായി ശ്രമിച്ചത്, എന്നാല്‍ ദളിതനായതു കൊണ്ടു മാത്രം നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണ്. ജാതി പറഞ്ഞ് കുടുംബത്തെപ്പോലും അധിക്ഷേപിച്ചു.
തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ സംവരണം ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും വളരാന്‍ കഴിഞ്ഞത്" എന്ന കൊടിക്കുന്നിൽ സുരേഷിന്റെ വെളിപ്പെടുത്തൽ കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കോൺഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്‌മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണെന്നതിന്റെ മറ്റൊരു തെളിവാണിത്. വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാർ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകൾക്ക് പിന്നിൽ.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും സവർണ്ണ മനോഭാവത്തോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോൺഗ്രസിന്റെ ഈ നിലപാട്. ഇത് ആദ്യത്തെ സംഭവമല്ല. വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെത്തുടർന്നുണ്ടായ സംഭവങ്ങളും മുഖ്യമന്ത്രിയെ 'ചെത്തുകാരന്റെ മകൻ' എന്നു അധിക്ഷേപിച്ച ഇന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടുമൊക്കെ ഇതിന് ഉദാഹരണമാണ്. ഈ അവസരത്തിലൊക്കെ കോൺഗ്രസ്സ് നേതൃത്വം പുലർത്തിയ മൗനമാണ് ഇത്തരം പ്രവണതകൾക്ക് ശക്തിപകർന്നത്.
മനുഷ്യരെ തൊഴിലിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസികരോഗമാണ് കോൺഗ്രസിന്. ദളിതനായതിനാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെന്നും കുടുംബത്തിനുപോലും സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്ന കൊടിക്കുന്നിൽ സുരേഷിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ്സ് മറുപടി പറയണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications