സിപിഎമ്മിന്റെ 5 കോടിയോളം രൂപയുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി; അടുത്തിടെ പിൻവലിച്ചത് 1 കോടി രൂപ
തൃശൂർ: സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. അഞ്ച് കോടിയോളം രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഈ അക്കൗണ്ട് വഴി ഈ മാസം ഒരു കോടിയോളം രൂപ പിൻവലിച്ചതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ബാങ്കിന്റെ ശാഖയിൽ ആദായനികുതി ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സി പി എം വെളിപ്പെടുത്തിയ ഐടി റിട്ടേണിൽ ബാങ്കിൽ നിന്നും പിൻവലിച്ച തുക സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

1998ൽ തുടങ്ങിയ അക്കൗണ്ടാണിത്. ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടി രൂപ ഫിക്സഡ് ഡെപ്പോസിറ്റാണ്. സി പി എം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. ആദായ നികുതി അടച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മരവിപ്പിക്കൽ നടപടി പിൻവലിക്കാമെന്നാണ് ഇഡി സി പി എം നേതൃത്വത്തെ അറിയിച്ചത്.
അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്ന് സി പി എം ജില്ലാ നേതൃത്വം പ്രതികരിച്ചത്. 'സി പി എമ്മിന് ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ടുണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ നടത്തിയത്. ഇഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും നീക്കം ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ജില്ലാ സെക്രട്ടറി എം വർഗീസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ഇഡി തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേബം പറഞ്ഞു. അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് വർഗീസിനെ ഇഡി ചോദ്യം ചെയ്തത്. രാത്രി കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. വർഗീസിന്റെ ഫോൺ ഇഡി കസ്റ്റഡിയിലെടുത്തതായി സൂചനുണ്ട്.
അതിനിടെ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള സി പി എമ്മിന്‍റെ 25 അക്കൗണ്ടുകളുടെ വിവരങ്ങള്‍ പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്‌മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കത്ത് കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ ഈ അക്കൗണ്ടുകള്‍ നിയമ വിരുദ്ധമായി ആരംഭിച്ചതാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കമ്മീഷന് കത്ത് കൈമാറിയത്.












Click it and Unblock the Notifications