സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയ ഇഡി ഉദ്യോഗസ്ഥനെ ജയിലിലടക്കണം; വി ശിവൻകുട്ടി
സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയ ഇഡി ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണനെ ക്രിമിനൽ കേസെടുത്ത് ജയിലിലടക്കണമെന്ന് മന്ത്രി പി ശിവൻകുട്ടി. അതീവ ഗൗരവകരമായ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ഇപ്പോൾ സർവീസിൽ നിന്ന് നീക്കിയതായി വാർത്തകൾ വരുന്നു. ഇത് സ്വാഗതാർഹമാണെങ്കിലും, കേവലം ഈ നടപടികൊണ്ട് തീരുന്ന കുറ്റമല്ല ഇയാൾ ചെയ്തിട്ടുള്ളത്. ഒരു ജനാധിപത്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇയാളെ അഴിക്കുള്ളിലാക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
സ്വർണ്ണക്കടത്ത് കേസിന്റെ മറവിൽ സംസ്ഥാന സർക്കാരിനെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഇ ഡി ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് എടുത്ത് ജയിലിലടയ്ക്കണം. അതീവ ഗൗരവകരമായ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ഇപ്പോൾ സർവീസിൽ നിന്ന് നീക്കിയതായി വാർത്തകൾ വരുന്നു. ഇത് സ്വാഗതാർഹമാണെങ്കിലും, കേവലം ഈ നടപടികൊണ്ട് തീരുന്ന കുറ്റമല്ല ഇയാൾ ചെയ്തിട്ടുള്ളത്. ഒരു ജനാധിപത്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇയാളെ അഴിക്കുള്ളിലാക്കുകയുമാണ് വേണ്ടത്.

ഈ ഉദ്യോഗസ്ഥൻ ആരുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം നടത്തിയത് എന്നത് പുറത്തുവരേണ്ടതുണ്ട്. ഒരു ഉദ്യോഗസ്ഥൻ സ്വന്തം നിലയ്ക്ക് ഭരണഘടനാ പദവിയിലിരിക്കുന്നവർക്കെതിരെ ഇത്തരം വ്യാജ ആരോപണം ചമയ്ക്കാൻ മുതിരില്ല. ഇയാൾക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ യജമാനന്മാർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരായിരുന്നു ഇത്തരം ഉദ്യോഗസ്ഥർ എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെ അഴിച്ചുവിട്ട നുണപ്രചാരണങ്ങൾ തകർന്നടിഞ്ഞിരിക്കുകയാണ്. സത്യം എത്ര മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണിത്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണം', പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് പുറത്താക്കിയത്. റെയ്ഡ് വിവരങ്ങൾ ചോർത്തൽ, കേസുകൾ ഒതുക്കിത്തീർക്കാൻ കൈകൂലി വാങ്ങൽ, കർത്തവ്യ നിർവഹണത്തിലെ വീഴ്ച അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ചുവര്‍ഷം സർവീസ് ബാക്കി നില്‍ക്കെയാണ് ധനകാര്യമന്ത്രാലയത്തിന്റെ നടപടി.












Click it and Unblock the Notifications