വെള്ളിയാഴ്ച പെരുന്നാള്‍ അവധി പ്രഖ്യാപിക്കണം എന്ന് മുസ്ലിം ലീഗ്; 'ഒരു അവധിയുമില്ലാത്ത അവസ്ഥ'
കോഴിക്കോട്: ബലി പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട് അവസാന നിമിഷം സര്‍ക്കാര്‍ വരുത്തിയ മാറ്റം വിവാദമായി. നേരത്തെ വെള്ളിയാഴ്ച പെരുന്നാള്‍ അവധി നല്‍കിയിരുന്നു എങ്കിലും ഇന്ന് ഉച്ചയോടെ തീരുമാനം മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കുകയും ശനിയാഴ്ച പെരുന്നാള്‍ അവധിയാക്കി മാറ്റുകയുമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. വെള്ളിയാഴ്ച പെരുന്നാള്‍ അവധിയായി നിലനിര്‍ത്തണം എന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അവസാന നിമിഷം അവധി മാറ്റിയത് ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.

ബലി പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമെന്ന് കരുതിയാണ് സര്‍ക്കാര്‍ നേരത്തെ വെള്ളിയാഴ്ച അവധി തീരുമാനിച്ചത്. എന്നാല്‍ ദുല്‍ഹജ്ജ് മാസപ്പിറവി അടിസ്ഥാനമാക്കി ശനിയാഴ്ചയാണ് പെരുന്നാള്‍. ഇത് ഒരാഴ്ച മുമ്പ് അറിവായതുമാണ്. എന്നാല്‍ തലേ ദിവസം അവധി മാറ്റിയ സര്‍ക്കാര്‍ നടപടിയാണ് വിവാദമായത്. ഇക്കാര്യം നേരത്തെ തീരുമാനിക്കാമായിരുന്നില്ലേ എന്ന് വിഷ്ണുനാഥ് ചോദിക്കുന്നു. ഫലത്തില്‍ പെരുന്നാളിന് അവധിയില്ലാത്ത അവസ്ഥയായി എന്നും അദ്ദേഹം വിമര്‍ശിച്ചു.
ശനിയാഴ്ച സ്‌കൂളുകള്‍ അവധിയാണ്. അതുകൊണ്ടുതന്നെ ബലി പെരുന്നാളിന് സര്‍ക്കാര്‍ പ്രത്യേക അവധി ശനിയാഴ്ച പ്രഖ്യാപിക്കേണ്ടതില്ല. അവസാന നിമിഷം തീരുമാനം മാറ്റിയത് നിരവധി പേര്‍ക്ക് പ്രയാസമുണ്ടാക്കും. ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതില്‍ ഡോക്ട്രേറ്റ് ആണ് ഇവര്‍ക്ക്. ആ ഉപദ്രവം അംഗീകരിക്കുന്നേ എന്ന് പറഞ്ഞ് എഴുന്നേറ്റ് എല്ലാവരും തൊഴണം. ഇത് ജനാധിപത്യമാണ് എന്നും വിഷ്ണുനാഥ് പറഞ്ഞു.
സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രധാന ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടി വരുന്നുമില്ല. അതുകൊണ്ടുതന്നെ നേരത്തെ പ്രഖ്യാപിച്ച വെള്ളിയാഴ്ച അവധി തുടരണം. പുതിയ തീരുമാനം പിന്‍വലിക്കണം എന്നും സലാം ആവശ്യപ്പെട്ടു.












Click it and Unblock the Notifications