ലോകകപ്പ് വേദിയില്‍ ഈദ് ഗാഹ് നടത്തി ഖത്തർ: റൊണാള്‍ഡോ കളിച്ച മണ്ണിലെ നിസ്കാരം സന്തോഷകരമെന്ന് ആരാധകന്‍
ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം ഇന്ന് ഈദ് ആഘോഷിക്കുകയാണ്. ഖത്തറില്‍ ഇത്തവണയും പതിവ് പോലെ പള്ളികളിലും ഈദ് ഗാഹുകൾ നടന്നു. 590 സ്ഥലങ്ങൾ ആണ് രാജ്യത്ത് പെരുന്നാള്‍ നിസ്കാരത്തിന് ഒരുക്കിയിരുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം ലോകകപ്പ് ഫുട്ബോള്‍ മത്സരം നടന്ന മൈതാനവും ഇദ്ഗാഹിന് വേദിയായി എന്നുള്ളതായിരുന്നു. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയമാണ് ഈദ് ഗാഹിന് വേദിയായത്.
ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദും പഠന കേന്ദ്രവുമായ മിനറെറ്റീനാണ് ഈദ് നമസ്‌കാരം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടത്തിയത്. ഫിഫ ലോകകപ്പ് നടന്ന സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഈദ് നമസ്‌കാരം നടക്കുന്നത്. "ഈദുൽ ഫിത്തറിന്റെ സന്തോഷം പ്രവാചകന്റെ സുന്നത്തിനുള്ളിൽ ആഘോഷിക്കൂ, ഞങ്ങളോടൊപ്പം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഈദ് പ്രാർത്ഥനയിൽ പങ്കുചേരൂ. "- ഈദ് നമസ്കാരത്തിന്റെ വിവരം പങ്കുവെച്ചുകൊണ്ട് മിനറെറ്റീന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് ഇന്ന് സ്റ്റേഡിയത്തിലേക്ക് ചെറിയ പെരുന്നാള്‍ നിസ്കാരത്തിനായി ഒഴികെത്തിയത്. സ്വദേശികളും പ്രവാസികളുമെല്ലാം ഒഴുകിയെത്തിയതോടെ സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞു. പലരും കുടുംബങ്ങളുമായിട്ടായിരുന്നു ഈദ് ഗാഹിലേക്ക് എത്തിയത്. ലോകകപ്പ് ആരവങ്ങൾ തീർത്ത വേദി ഒരിക്കൽ കൂടി കാണാനായതിന്റെ ആവേശത്തിലായിരുന്നു ആളുകള്‍. നിസ്കാരത്തിന് ശേഷം കുട്ടികള്‍ക്കായുള്ള ചെറിയ ഗെയിമുകളും സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു.
സ്റ്റേഡിയത്തിലെ നമസ്‌കാരം വേറിട്ട അനുഭവമായിരുന്നുവെന്നാണ് ആളുകള്‍ വ്യക്തമാക്കിയത്. എല്ലാരും ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇത്തരമൊരു ഒത്തു ചേരല്‍. റൊണാൾഡോ കളിച്ച വേദിയിൽ നമസ്‌കരിക്കാനായത് വലിയ ഭാഗ്യമാണെന്നായിരുന്നു മലയാളിയായ വിശ്വാസി മീഡിയ വണ്ണിനോട് വ്യക്തമാക്കിയത്. അതേസമയം, പെരുന്നാള്‍ അവധിക്കാലത്ത് ഖത്തറിലെ പൊതു പാർക്കുകൾ അർധ രാത്രിയിലും തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
രാവിലെ അഞ്ച് മുതൽ പുലർച്ചെ രണ്ട് മണിവരെ പാർക്കുകൾ തുറക്കും. പെരുന്നാൾ ഒഴിവുകൾ കുടുംബങ്ങൾക്കൊപ്പം ചെലവഴിക്കാൻ വേണ്ടിയാണ് തുറന്നു പ്രവർത്തിക്കുന്നത്. ആളുകള്‍ക്ക് വേണ്ടി കൂടുതല്‍ സജ്ജീകരണങ്ങള്‍ പാർക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന് മുന്നോടിയായി പൊതുസ്ഥലങ്ങളിലും പാർക്കുകളിലും വലിയ തോതിലുള്ള ശൂചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.












Click it and Unblock the Notifications