മുഹമ്മദിന് 18 കോടിയുടെ മരുന്നിന് 6 കോടി നികുതി ഇളവ് വേണം, മോദിക്ക് കത്തെഴുതി എളമരം കരീം
കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടി വെറും 7 ദിവസങ്ങള്‍ കൊണ്ടാണ് മലയാളികള്‍ 18 കോടി രൂപ നല്‍കിയത്. ഈ രോഗത്തിനുളള 18 കോടി വില വരുന്ന മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ 6 കോടിയോളം നികുതി ഇനത്തില്‍ വേണ്ടി വരും. ഇതേ രോഗം ബാധിച്ച മഹാരാഷ്ട്രയിലെ ഒരു കുഞ്ഞിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 6 കോടി നികുതി ഒഴിവാക്കിക്കൊടുത്തിരുന്നു. മുഹമ്മദിന് വേണ്ടി ഇതേ ഇടപെടല്‍ കേന്ദ്രം നടത്തണം എന്ന ആവശ്യം ശക്തമാവുകയാണ്.
കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിൽസയ്‌ക്ക് ആവശ്യമായ സോൾജെൻസ്‌മ ഇൻജെക്ഷനുമേലുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സിപിഎം എംപിയായ എളമരം കരീം കത്തയച്ചു. മസിൽ ശോഷണത്തിന് വഴിവെയ്‌ക്കുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതക രോഗമാണ് മുഹമദിന്.

സോൾജെൻസ്‌മ ഇൻജെക്ഷന് ഏകദേശം 18 കോടി രൂപയാണ് വില. കല്യാശേരി മണ്ഡലം എംഎൽഎ വിജിന്റെയും മാട്ടൂൽ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി മരുന്നിന് ആവശ്യമായ തുക കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്‌ച കൊണ്ട് സമാഹരിക്കാൻ കഴിഞ്ഞിരുന്നു.
ഈ മരുന്ന് ഇറക്കുമതി ചെയ്യുമ്പോൾ 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്‌ടിയും ഉൾപ്പെടെ നികുതിയിനത്തിൽ മാത്രം ആറര കോടി രൂപ ചെലവുവരും. ഈ നികുതികൾ ഒഴിവാക്കി നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവണം എന്ന് എംപി ആവശ്യപ്പെട്ടു. സമാനമായ രീതിയിൽ മഹാരാഷ്ട്രയിലെ തീര എന്ന കുട്ടിക്ക് സൊൾജെൻസ്‌മ മരുന്നിനുമേലുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഒഴിവാക്കിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Recommended Video
ഇതേ നിലപാട് മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണം എന്ന് എളമരം കരീം ആവശ്യപ്പെട്ടു. മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും തീവ്ര ശ്രമം നടത്തിവരികയാണ്. ഈ ശ്രമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സഹായം അടിയന്തിരമായി നൽകണമെന്നും മരുന്നിന്റെ നികുതി ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications