കടുത്ത മനോവൈകൃതമുള്ള ഷാഫി, സാഡിസ്റ്റ്; 'ശ്രീദേവിയെ' സ്നേഹിച്ച് ഭഗവൽ സിംഗ് അടുത്തു..വിശദീകരിച്ച് പോലീസ്
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദി ഷാഫിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ പേരിൽ 15 ഓളം കേസുകളാണ് ഉള്ളത്. ലൈംഗിക വൈകൃതമുള്ളയാളാണ് ഷാഫിയെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് ഷാഫിയിൽ എത്തുന്നത്. ഇയാളുടെ വാഹനത്തിൽ പത്മ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ സഹകരിച്ചിരുന്നില്ല. ദമ്പതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിൽ ഷാഫിയുടെ പങ്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ദമ്പതിമാർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തതോടെ ഷാഫി കുറ്റം സമ്മതിക്കുകയായിരുന്നു.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി പല ജോലികളും ചെയ്ത് പോന്നിരുന്നു. ഇയാൾ ഹോട്ടൽ നടത്തുകയും ലോറി ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. 16 വർഷത്തോളം വീട് വിട്ട് പല ഇടങ്ങളിലായി കഴിഞ്ഞിരുന്നു. സാഡിസ്റ്റായ ഇയാൾ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമായിരുന്നു. മറ്റുള്ളവരെ വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോപാത്ത് കൂടിയായിരുന്നു ഇയാൾ എന്ന് പോലീസ് പറയുന്നു.

ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ ഭഗവൽ സിംഗിനെ പരിചയപ്പെടുന്നത്.ഗൂഗിളിൽ നിന്നെടുത്ത ചിത്രം പ്രൊഫൈൽ ചിത്രമാക്കി. ഈ പ്രൊഫൈലുമായി ഭഗവൽ സിംഗ് സ്നേഹത്തിലായി. ഇതോടെ ഭഗവൽ സിംഗിന്റേയും കുടുംബത്തിന്റേയും വിശ്വാസം ആർജ്ജിച്ചെടുക്കാനും ഷാഫിക്ക് സാധിച്ചു. തുടർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ നരബലി കൊടുക്കണമെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും ഇയാൾ ധരിപ്പിച്ചത്.

സ്ത്രീകളെ എത്തിക്കാമെന്ന് ഇയാൾ തന്നെ ഇരുവരേയും അറിയിക്കുകയായിരുന്നു. തുടർന്നാണ് പത്മയേയും റോസിലിയേയും സിനിമയിൽ അഭിനയിപ്പിക്കാമെന്നും 10 ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്ത് തിരുവല്ലയിൽ എത്തിച്ചത്. ആദ്യം പത്മയെ ആയിരുന്നു തിരുവല്ലയിൽ എത്തിച്ചത്. പത്മയെ ഷാഫി തന്നെയാണ് കൊലപ്പെടുത്തിയത്. ഇവരെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലും മുറിവേൽപ്പിച്ചിട്ടുണ്ട്.
നേരത്ത ഷാഫിക്കെതിരേ പുത്തന്‍കുരിശില്‍ 75-കാരിയെ ബലാത്സംഗം ചെയ്ത കേസുണ്ട്. ആ സ്ത്രീയെയും കത്തി കൊണ്ട് സ്വകാര്യഭാഗങ്ങളില്‍ ആക്രമിച്ചിരുന്നു.

പത്മയെ കൊലപ്പെടുത്തിയത് കൊണ്ടും ദോഷം മാറിയില്ലെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും ഇയാൾ വിശ്വസിപ്പിച്ചു. തുടർന്നാണ് റോസിലിയിലെ കൊലപ്പെടുത്താനായി ഇയാൾ തിരുവല്ലയിൽ എത്തിച്ചത്. കൊല നടത്തിയശേഷം മാംസം കഴിക്കാനും ഇയാൾ പ്രതികളോട് നിർദ്ദേശിച്ചിരുന്നു. അതിനിടെ ലൈലയും ഷാഫിയും ചേർന്ന് ഭഗവൽ സിംഗിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട്. കൊലപാതകം സംബന്ധിച്ച് ഇയാൾ പുറത്ത് പറയുമോയെന്ന ആശങ്കയെ തുടർന്നായിരുന്നു ഇത്.

അതേസമയം ഷാഫി ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഇയാളുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഷാഫി മദ്യപിച്ച് തന്നേയും ഉപദ്രവിച്ചിരുന്നു. എങ്കിലും നരബലിയെന്നത് വിശ്വസിക്കാനാകുന്നില്ല. പത്മയേയും റോസിലിയേയും അറിയാമെന്നും ഇരുവരും തങ്ങളുടെ ഹോട്ടലിന് അടുത്തുള്ള ലോഡ്ജിൽ വരാറുണ്ടെന്നും ഭാര്യ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് പോലെ ഇത്രയും കേസുകളൊന്നും ഷാഫിയുടെ പേരിൽ ഇല്ലെന്നും ഭാര്യ പറഞ്ഞു.












Click it and Unblock the Notifications