പ്രാചീന മതചരിത്രം വായിച്ച് നരബലി; 'ശ്രീദേവി'യാക്കിയത് ലൈംഗിക തൊഴിലാളിയെ, വലയിൽ വീഴ്ത്തിയത് ഇങ്ങനെ
കൊച്ചി: ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിക്കാനായി നരബലി നടത്തുമ്പോൾ മുഖ്യപ്രതി മുഹമ്മദ് ഷാഫി പ്രാചീന മത ചരിത്ര പുസ്തകം വായിച്ചിരുന്നതായി പോലീസ്. പൂജയും ചടങ്ങുകളുമെല്ലാം ആചാര പ്രകാരം തന്നെയാണ് നടത്തുന്നതെന്ന് വരുത്തി തീർക്കാൻ കൂടി വേണ്ടിയായിരുന്നു ഇയാൾ പുസ്തകം ഉറക്കെ വായിച്ചിരുന്നത്.
സമ്പദ് സമൃദിക്കും ഐശ്വര്യത്തിന് വേണ്ടിയാണ് പൂജ നടത്തുന്നതെന്നാണ് ഇയാൾ ഇരുവരേയും ബോധ്യപ്പെടുത്തിയത്. എന്നാൽ വിളക്ക് കത്തിക്കലുൾപ്പെടെ പ്രത്യേകിച്ച് പൂജയൊന്നും ചെയ്തിരുന്നില്ല.

തുടക്കം മുതൽ തന്നെ അടുത്ത ബന്ധം ഭഗവൽ സിംഗും ലൈലയുമായി ഉണ്ടാക്കിയെടുക്കാൻ ഷാഫിക്ക് സാധിച്ചിരുന്നു. ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു ഇയാൾ ഭഗവൽ സിംഗുമായി ചാറ്റ് ചെയ്തത്. ശ്രീദേവി യഥാർത്ഥ ആളാണെന്ന് വിശ്വസിപ്പിക്കാൻ എറണാകുളത്തുള്ളൊരു ലൈംഗിക തൊഴിലാളിയെ കൊണ്ട് ഇയാൾ ഭഗവൽ സിംഗിനെ വിളിപ്പിച്ചിരുന്നു.

പല ജീവിത പ്രതിസന്ധികളും താൻ അനുഭവിച്ചിരുന്നുവെന്ന് ഇവർ ഭഗവൽ സിംഗിനെ അറിയിച്ചു. ഭർത്താവ് വിദേശത്ത് ആയിരുന്നുവെന്നും അവിടെ കള്ളക്കേസിൽ കുടുങ്ങിയപ്പോൾ സിദ്ധൻ (മുഹമ്മദ് ഷാഫി) ആണ് തന്നെ രക്ഷിച്ചതെന്നും ഇവർ ഭഗവൽ സിംഗിനെ ബോധ്യപ്പെടുത്തി. 'ശ്രീദേവിയായി' ഭഗവൽ സിംഗ് സ്നേഹത്തിലായിരുന്നുവെന്നത് കൊണ്ട് തന്നെ ഷാഫിക്ക് കാര്യങ്ങൾ വളരെ എളുപ്പമായി.

ഷാഫി എന്ത് പറഞ്ഞാലും ചെയ്യാമെന്ന നിലയിലേക്ക് ഇരുവരും എത്തിയതോടെയാണ് നരബലി പദ്ധതി ഷാഫി അവതരിപ്പിക്കുന്നത്. ആദ്യം റോസിലിയുമായാണ് തിരുവല്ലയിൽ എത്തിയത്. വളരെ ആധികാരികമായിട്ടാണ് ചടങ്ങുകൾ എന്ന് വിശ്വസിപ്പിക്കാനള്ള എല്ലാ തന്ത്രങ്ങളും ഇയാൾ പയറ്റിയിരുന്നത്രേ. റോസിലിയെ കൊലപ്പെടുത്തിയ ശേഷം സമ്പത്ത് വർധിക്കും എന്നായിരുന്നു ഭഗവൽ സിംഗ് വിശ്വസിച്ചത്.

കൊല നടത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചതെല്ലാം ഷാഫിയുടെ നിർദ്ദേശ പ്രകാരം ആയിരുന്നു. വീടിന് അടുത്ത് പ്രത്യേക കുഴിയെടുത്ത് റോസിലിയുടെ മൃതേഹം മറവ് ചെയ്തപ്പോൾ 20 ലക്ഷം രൂപയുടെ ചെക്കും ഇതിൽ നിക്ഷേപിച്ചു. കുഴിയിൽ നിന്നും കണ്ടെത്തിയ ബാഗിൽ നിന്നും ഈ ചെക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലനടത്താനും മറ്റുമായി പത്ത് ലക്ഷത്തോളം രൂപയാണ് ഇയാൾ ഭഗവൽ സിംഗിൽ നിന്നും കൈപ്പറ്റിയത്.

അതേസമയം കൊല നടത്തിയത് ഭഗവൽ സിംഗും ലൈലയുമാണെന്ന് വിശ്വസിക്കാൻ ഇതുവരെ നാട്ടുകാർക്ക് സാധിച്ചിട്ടില്ല. എല്ലാവരോടും വളരെ പരിമിതമായി ഇടപെടുന്ന ഇരുവരും കൊലയ്ക്ക് ശേഷം സാധാരണ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു.റോസിലിയെ കൊലപ്പെടുത്തി നാല് ദിവസത്തിന് ശേഷം ഇരുവരും വീടിനടുത്തുള്ള വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നത്രേ. മാത്രമല്ല തിരുമ്മൽ ചികിത്സയും തുടർന്നിരുന്നു.

സെപ്തംബർ 26 നാണ് പത്മത്തെ ഭഗവൽ സിംഗും ഭാര്യ ലൈലയും ഷാഫിയും ചേർന്ന് കൊലപ്പെടുത്തിയത്. 27 ന് മലയാലപ്പുഴയിലെ രോഗിയുടെ വീട്ടിലെത്തിയാണ് ഭഗവൽ സിംഗ് തിരുമൽ ചികിത്സ നടത്തിയത്. ലൈലയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെങ്കിലും പ്രതികളുടെ പെരുമാറ്റത്തിൽ യാതൊര അസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് ചികിത്സ തേടിയ ആൾ പറഞ്ഞു.

അതേസമയം അടുത്തിടെ വളരെ അസാധാരണമായ രീതിയിൽ ലൈല പെരുമാറിയിരുന്നതായി ചില നാട്ടുകാർ പറയുന്നുണ്ട്. ചിലപ്പോഴൊക്കെ വീട് പരിസരത്ത് പോകുന്നവരെ ലൈല തുറിച്ച് നോക്കുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. വീടിനടുത്തുള്ള കാവിൽ പ്രത്യേക വേഷധാരണത്തോടെ ലൈല വിളക്ക് കത്തിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അതുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.












Click it and Unblock the Notifications