'ഷാരൂഖ് സെയ്ഫിയെ പിടികൂടാന്‍ സാധിച്ചത് അതുകൊണ്ട്: യാത്രക്കാരുടെ സുരക്ഷ ഗൗരവമായി കാണണം'
കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മൂന്നാംനാൾ പിടികൂടിയതും ആൾക്കൂട്ട ആക്രത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കൊലയാളികൾക്ക് ശിക്ഷ ലഭിച്ചതും അടുത്തടുത്ത ദിവസങ്ങളിലുണ്ടായ സുപ്രധാന സംഭവങ്ങളാണെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. രണ്ടും കേരള പോലീസിന്റെ അന്വേഷണമികവും എൽ ഡി എഫ് സർക്കാറിന്റെ ജനപക്ഷ പോലീസ് നയവും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിലെ യാത്രക്കാർക്ക് നേരെ ഷാരൂഖ് സെയ്ഫി എന്ന ക്രിമിനൽ പെട്രോളൊഴിച്ച് തീകൊടുത്തതിനെ തുടർന്നാണ് മൂന്നുപേർ കൊല്ലപ്പെട്ടതും നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തത്. അത് നാടിനെ നടുക്കിയ ഒരു സംഭവമായിരുന്നു. ഡൽഹി ഷഹീൻബാദ് സ്വദേശിയായ പ്രതി ഷാരൂഖിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞത് ശാസ്ത്രീയമായ സൈബർ അന്വേഷണത്തിന്റെയും, ഒരു നിമിഷംപോലും പാഴാക്കാതെ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കൂട്ടായ്മയുടെയും ഫലമായാണ്.

കേരള പോലീസിനൊപ്പം മറ്റ് അന്വേഷണ ഏജൻസികളും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. അരലക്ഷം കോടിയോളം വരുമാനം ലഭിക്കുന്ന റെയിൽവേ യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കി ഗൗരവമായി പ്രവർത്തിക്കണമെന്ന് ഓർമപ്പെടുത്തുന്ന സംഭവമാണ് ഏപ്രിൽ 2ന് ഏലത്തൂരിൽ ഉണ്ടായത്. സുരക്ഷക്കായി 684 പോലീസുകാരെ കേരള പോലീസ് നൽകിയെങ്കിലും 200 പേരുടെ നിയമനം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
വർഗീയധ്രുവീകരണം ലക്ഷ്യമാക്കി തീവ്രവാദശക്തികൾ പ്രവർത്തിക്കുന്ന അതീവഗുരുതരമായ സാഹചര്യത്തിൽ പ്രതിയുടെ പിന്നിൽ നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്ന ഛിദ്രശക്തികൾ ഉണ്ടോ എന്നതൊക്കെ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ട കാര്യമാണ്. അതിനിടയിൽ സോഷ്യൽമീഡിയയിലൂടെ ഊഹാപോഹം പ്രചരിപ്പിക്കുന്നതും ഒട്ടും ശരിയല്ല.
ആൾക്കൂട്ട കൊലപാതകങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമാണ്. പ്രതികളെ പിടികൂടുന്നില്ല. പിടിക്കപ്പെട്ടവർക്ക് ശിക്ഷകിട്ടുന്നില്ല. യുപിയിൽ 72 പേരെ കൊലപ്പെടുത്തിയ മല്യാന കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും 36 വർഷത്തെ വിചാരണക്ക് ശേഷം വെറുതെവിട്ടതും ഗുജറാത്തിൽ 2002ൽ നടന്ന വംശഹത്യയുടെ സമയത്ത് 13 പേരെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും വെറുതെവിട്ടതും ഈയിടെയാണ്.

കേരളത്തിലുണ്ടായ ഏക ആൾക്കൂട്ട കൊലക്കേസിലെ പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ എത്തിക്കുകയും ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു എന്നതാണ് കേരള പോലീസിന്റെ മികവ്. സർക്കാർ കേസ് അട്ടിമറിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു.
16 പ്രതികളിൽ 14 പേർക്കും ശിക്ഷ ലഭിച്ച ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായമറിയാൻ ജനങ്ങൾക്കാഗ്രഹമുണ്ട്. കേരളാ പോലീസിന്റെ അന്വേഷണമികവ് കാരണമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഒപ്പം മധുവിന് നീതി ലഭ്യമാക്കണമെന്ന എൽഡിഎഫ് സർക്കാറിന്റെ ഇച്ഛാശക്തിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications