എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് എന്ത്? അന്വേഷണം എവിടെ വരെ?: ഒന്നും അറിയില്ലെന്ന് എംഎല്‍എയും
തിരുവനന്തപുരം: എറണാകുളത്ത് നിന്നുമുള്ള ഒരു യു ഡി എഫ് നിയമസഭാംഗത്തിനെതിരെ തിരുവനന്തപുരത്ത് പീഡന പരാതിയെന്ന രീതിയില്‍ ഒരാഴ്ച മുമ്പാണ് സോഷ്യല്‍ മീഡിയയിലെ ഇടത് കേന്ദ്രങ്ങളില്‍ നിന്നും ഒരു പ്രചരണം ആരംഭിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം മാത്രമാണ് ആ എം എല്‍ എ പെരുമ്പാവൂരില്‍ നിന്നുമുള്ള എല്‍ദോസ് കുന്നപ്പിള്ളി ആണെന്നുള്ള വാർത്ത പുറത്ത് വരുന്നത്.
എന്നാല്‍ ഇടത് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത് പോലെ അത് പീഡന പരാതിയായിരുന്നില്ല, മറിച്ച് എം എല്‍ എ മർദ്ദിച്ചുവെന്നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയായ യുവതിയാണ് കോൺഗ്രസ് നേതാവും പെരുമ്പാവൂർ എം എൽ എയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോവളത്ത് വച്ച് യുവതിയെ എംഎൽഎ മർദ്ദിച്ചുവെന്നാണ് പരാതി. ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എം എൽ എ മർദിച്ചെന്നാണ് പരാതി. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസ് സ്റ്റേഷനിലേക്ക് ഫോർവേഡ് ചെയ്യുകയും അവർ അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ തുടർന്ന് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയില്‍ തല്‍ക്കാലം നടപടി വേണ്ടെന്നും യുവതി അറിയിച്ചിട്ടുണ്ട്.
Tourist Destinations: 2022 ല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയത് ഈ രാജ്യത്തേക്ക്: ഞെട്ടിച്ച് ചൈനയും

ഇതിനിടയിൽ പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ വലിയ സമ്മർദ്ദമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സംഭവം നടന്ന ദിവസം എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളം ഭാഗത്ത് ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നുമാണ് എൽദോസ് കുന്നപ്പിള്ളി എം എൽ എ പ്രതികരിച്ചത്.

എന്നാല്‍, കോവളത്ത് പോയിരുന്നോയെന്നും അധ്യാപികയെ അറിയാമോയെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ എം എല്‍ എ തയ്യാറായില്ല. ഞാന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ല, ആരേയും മര്‍ദ്ദിക്കുന്ന ആളല്ല. പോലീസിന് യുവതി കൊടുത്തെന്ന് പറയുന്ന പരാതി കണ്ടിട്ടില്ല. പോലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.












Click it and Unblock the Notifications