ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കടുത്ത വെല്ലുവിളി ഉയർത്തുന്ന ഫലം: മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വരുമ്പോള്‍ പഞ്ചാബ് ഒഴികേയുള്ള അഞ്ച് സംസ്ഥാനങ്ങളിലും ബി ജെ പി മുന്നേറുന്നതാണ് കാണാന്‍ കഴിയുന്നത്. യുപിയില്‍ 267 സീറ്റില്‍ മുന്നേറുന്ന ബി ജെ പിക്ക് ഗോവയില്‍ 19 സീറ്റിലും ലീഡുണ്ട്. മണിപ്പൂരില്‍ 26, ഉത്തരാഖണ്ഡില്‍ 44 എന്നിങ്ങനെയാണ് ബി ജെ പിയുടെ ലീഡ് നില. പഞ്ചാബില്‍ 89 സീറ്റുകളുമായി ആം ആദ്മിയാണ് ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്.
കോണ്‍ഗ്രസാവട്ടെ അഞ്ച് സംസ്ഥാനങ്ങളിലും ഏറെ പിന്നിലാണ്. അധികാരമുണ്ടായിരുന്നു പഞ്ചാബില്‍ കേവലം 15 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ഗോവയില്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രതികരണവും ഇതിനോടകം പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നതാണെന്നായിരുന്നു മുന്‍ മന്ത്രിയും സി പി എം നേതാവുമായി ജെ മേഴ്സിക്കുട്ടിയമ്മ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ സങ്കുചിത താല്പര്യത്തിനു അതീതമായി രാജ്യത്തിൻറെയും ജനങ്ങളുടെയും താല്പര്യം ഉയർത്തിപ്പിടിക്കാൻ ഏറെ ശ്രദ്ധയോടെ കൂടി താഴെതട്ടിൽ ജനങ്ങളുടെ ഇടയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചേ മതിയാകൂവെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർക്കുന്നു. സി പി എം നേതാവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തിൻറെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. ഇത്തരുണത്തിൽ പ്രതിപക്ഷത്തിൻ്റെ ഐക്യം പരമപ്രധാനമായി മാറുന്നു. കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിക്ക് രാജ്യത്തിൻറെ പ്രതിപക്ഷ പാർട്ടി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയാത്ത തരത്തിൽ തകർന്നടിഞ്ഞിരിക്കുന്നു.

മതേതരത്വം ഉയർത്തിപ്പിടിക്കാൻ കഴിയാത്ത കോൺഗ്രസിന് രാജ്യത്തിൻറെ ജനകീയ പ്രശ്നങ്ങളോട് ഫലപ്രദമായി ഇടപെടാൻ കഴിയാത്ത കോൺഗ്രസിന് ഭാവി ഇരുളടഞ്ഞതാകുന്നു. എന്നാൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്വം നിർവഹിക്കാൻ നിർബന്ധിതമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുകയാണ്. രാജ്യത്തിൻറെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആശയപരമായി ദിശാബോധം ഉണ്ടെങ്കിലും ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

കാലത്തിൻറെ ചുവരെഴുത്ത് മനസ്സിലാക്കി കർഷകരും തൊഴിലാളികളും ജനാധിപത്യ വിശ്വാസികളും ഇന്നു നേരിടുന്ന വെല്ലുവിളിക്ക് പരിഹാരമായി അടിത്തട്ടിലേക്ക് ഉള്ള പ്രവർത്തനം ആഴത്തിൽ ഏറ്റെടുത്ത് എങ്കിൽ മാത്രമേ നമുക്ക് മുന്നേറാൻ കഴിയുകയുള്ളൂ. എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും കണ്ണു തുറപ്പിക്കുന്നതാകട്ടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. സങ്കുചിത താല്പര്യത്തിനു അതീതമായി രാജ്യത്തിൻറെയും ജനങ്ങളുടെയും താല്പര്യം ഉയർത്തിപ്പിടിക്കാൻ ഏറെ ശ്രദ്ധയോടെ കൂടി താഴെതട്ടിൽ ജനങ്ങളുടെ ഇടയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചേ മതിയാകൂ.












Click it and Unblock the Notifications