Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനയുഗത്തിലെ തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് വേണ്ടി അവകാശസമരങ്ങള്‍ നടത്തുന്ന പാര്‍ട്ടിയുടെ പത്രത്തില്‍ തൊഴിലാളി വിരുദ്ധ നടപടികള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗത്തിലാണ് തൊഴിലാളികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നത്. ഇത് ഒടുവില്‍ പിരിച്ചുവിടല്‍ നടപടിവരെ എത്തി നില്‍ക്കുന്നു.

രാജ്യമാകമാനം കരാര്‍ നിയമനങ്ങള്‍ക്കെതിരേയും മിനിമം വേതനത്തിനും വേണ്ടി സമരം ചെയ്ത പാര്‍ട്ടിയാണ് സിപിഐ. തൊഴിലാളികളുടെ അവകാശ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുകയും മാനേജ്‌മെന്റുകളെ മുട്ടുകുത്തിക്കുകയും ചെയ്തിട്ടുള്ള ട്രേഡ് യൂണിയന്‍ സംഘടനയാണ് എഐടിയുസി. എന്നാല്‍ സ്വന്തം പത്രത്തിലെ തൊഴിലാളികളോട് എന്തുമാകാം എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. നിയമ വിരുദ്ധമായ തൊഴില്‍ കരാറുകളും പിരിച്ചുവിടലും ആണ് ഇപ്പോള്‍ ജനയുഗം പത്രത്തില്‍ നടക്കുന്നത്.

Janayugam

2007 മെയ് മാസത്തില്‍ പുന:പ്രസിദ്ധീകരണം തുടങ്ങിയ നാള്‍ മുതല്‍ പത്രത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇതുവരെ സ്ഥിര നിയമനം നല്‍കാന്‍ പത്രത്തിന്റെ ഉടമകള്‍ തയ്യാറായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കരാര്‍ അടിസ്ഥാനത്തിലായിരുന്നു തുടക്കം മുതലേ നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു അന്ന മറ്റ് പല പത്രങ്ങളില്‍ നിന്നും ജനയുഗത്തിലെത്തിയ ജീവനക്കാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാക്ക് പാലിക്കപ്പെട്ടില്ല.

പിന്നീട് നാല് വര്‍ഷത്തിന് ശേഷം മറ്റൊരു കരാറുമായാണ് മാനേജ്‌മെന്റ് ജീവനക്കാരെ സമീപിച്ചത്. അപ്പോഴും സ്ഥിരനിയമനത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്തില്ല. പിന്നീട് ജീവനക്കാര്‍ ഈ വിഷയത്തില്‍ നിവേദനം സമര്‍പ്പിച്ചു. അന്നത്തെ മാനേജിങ് ഡയറക്ടറും ജനറല്‍ മാനേജറും തൊഴിലാളികളുമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും തത്കാലത്തേക്ക് ചെറിയൊരു ശമ്പള വര്‍ദ്ധന നടപ്പിലാക്കുകയും ചെയ്തു. ആറ് മാസത്തിനുള്ളില്‍ സ്ഥിരപ്പെടുത്തല്‍ ഉത്തരവ് നല്‍കാമെന്ന് വാഗ്ദാനവും നല്‍കി.

സികെ ചന്ദ്രപ്പന്‍ പാര്‍ട്ടി സെക്രട്ടറി ആയി ഇരിക്കുന്ന സമയത്തായിരുന്നു ഇത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും ലഭിച്ചു. എന്നാല്‍ ബാക്കിയുള്ളവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ ഒരു നിലപാടും എടുത്തില്ല.

നേരത്തെയുള്ള കരാറിന്റെ കാലാവധി തീര്‍ന്നപ്പോള്‍ മറ്റൊരു കരാറുമായാണ് വീണ്ടും മാനേജ്‌മെന്റ് രംഗത്ത് വന്നത്. കരാര്‍ കാലാവധി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ആയിരുന്നു ഇത്. എന്നാല്‍ നേരത്തെ സ്ഥിരപ്പെടുത്തിയ ജീവനക്കാരേക്കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കരാര്‍ കൊണ്ടുവന്നത്. അവരുടെ സ്ഥിരപ്പെടുത്തിയ നിയമന ഉത്തരവ് അസാധുവാക്കുന്ന രീതിയില്‍ ആയിരുന്നു ഇത്.

സ്ഥിരപ്പെടുത്തല്‍ ഉത്തരവ് ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് മുന്നില്‍ മറ്റൊരു ഭീഷണിയുമാണ് മാനേജ്‌മെന്റ് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. 2013 ഒക്ടോബര്‍ 12 നകം പുതുക്കിയ കരാറില്‍ ഒപ്പിടാത്ത തൊഴിലാളികള്‍ക്ക് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമില്ല എന്ന് കണക്കാക്കി പുറത്താക്കുമെന്നായിരുന്നു ഭീഷണി.

ഈ ഘട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മുഖ്യ പത്രാധിപര്‍ ബിനോയ് വിശ്യം മാനേജിങ് ഡയറക്ടര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുമായി യൂണിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഈ സമയത്തും തീര്‍ത്തും തൊഴിലാളി വിരുദ്ധ നിലപാടാണ് പാര്‍ട്ടി സെക്രട്ടറിയും മറ്റുള്ളവരും എടുത്തതെന്നാണ് വിവരം. കമ്യൂണിസം ഒരു വികാരമായി മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ഒരുതരത്തിലും എടുക്കാന്‍ സാധ്യതയില്ലാത്ത നിലപാടുകളാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ കൈക്കൊണ്ട് എന്നാണ് യൂണിയന്റെ പ്രിതിനിധികള്‍ പറയുന്നത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 2013 ഒക്ടോബര്‍ 31 ജനയുഗത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് എസ് സന്തോഷിനെ പത്രത്തില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു. നാല് മാസം മുമ്പ് ഒരു സ്വകാര്യ ആവശ്യത്തിന്റെ പേരില്‍ നല്‍കിയ രാജിക്കത്തിന്റെ അടിസ്ഥാനത്തിലാണത്രെ ഇപ്പോഴത്തെ നടപടി. അന്ന് സന്തോഷ് നല്‍കിയ രാജിക്കത്ത് സ്വീകരിക്കാതിരുന്ന മാനേജ്‌മെന്റ് അദ്ദേഹത്തോട് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന്റെ പ്രതികാരമായാണ് സന്തോഷിനെ പിരിച്ചുവിട്ടതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.

കൃത്യമായ തൊഴില്‍ നിയമങ്ങളുള്ള രാജ്യത്ത് തികച്ചും നിയമവിരുദ്ധമായ കരാറാണ് ജനയുഗം മാനേജ്‌മെന്റ് ജീവനക്കാരില്‍ നിനിന്ന് ഒപ്പിട്ടുവാങ്ങിയിട്ടുള്ളതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. കരാറില്‍ ഒപ്പിടാത്തവര്‍ക്കെതിരെ യാതൊരു വിധ നടപടിയും എടുക്കില്ലെന്നും നവംബര്‍ 30 നകം തൊഴില്‍ നിയമങ്ങള്‍ പാലിക്കാന്‍ ഒരു സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ തയ്യാറാക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നതായിരുന്നു. തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഇതും പിന്നീട് ലംഘിക്കപ്പെട്ടു. ഒക്ടോബര്‍ 31 ന് മുമ്പ് കരാരില്‍ ഒപ്പിടാത്തവരെ പിരിച്ചുവിടും എന്നാണ് പാര്‍ട്ടിയും പത്രവും ഇപ്പോഴും എടുക്കുന്ന നിലപാട്. ചര്‍ച്ചയിലെ തീരുമാനപ്രകാരം ജീവനക്കാരുടെ യോഗം വിളിച്ചെങ്കിലും കരാറില്‍ നിര്‍ബന്ധമായും ഒപ്പിടണം എന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. അടുത്ത മാസം പത്രത്തിന്റെ കൊല്ലം എഡിഷന്‍ തുടങ്ങുമെന്നും അതോടെ കുറച്ച് ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കാമെന്നും മാനേജ്‌മെന്റ് വാഗ്ദാനം നല്‍കിയിരുന്നു.

140 ല്‍പരം ജീവനക്കാരുള്ള പത്രത്തില്‍ ഇനി നാല്‍പതിലധികം ആളുകള്‍ മാത്രമേ കരാരില്‍ ഒപ്പിടാന്‍ ബാക്കിയുള്ളു. ഭൂരിപക്ഷം പേരേയും സമ്മര്‍ദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചും ആണ് കരാറില്‍ ഒപ്പിടുവിച്ചതെന്നാണ് ആരോപണം.

മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തിയിട്ടും കരാറില്‍ ഒപ്പിടാത്തവരില്‍ സിപിഐയുടെ പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടും. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തങ്ങള്‍ പത്രത്തില്‍ ജോലി ചെയ്യുന്നതെന്നും പാര്‍ട്ടി ജോലികള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ചെയ്യാന്‍ സാധ്യമല്ലെന്നും ആണ് ഇവര്‍ വ്യക്തമാക്കുന്നത്.

മാനേജ്‌മെന്റിന്റെ അന്ത്യ ശാസനം ഒക്ടോബര്‍ 31 ന് അവസാനിക്കുകയാണ്. ഒരാളെ പിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. കരാറില്‍ ഒപ്പിടാത്ത തൊഴിലാളികളുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുള്ള കരിംകരാറുമായി മുന്നോട്ട് പോവുകയും തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാട്. നവംബര്‍ 3 ന് ചേരുന്ന യൂണിയന്റെ സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+