പുതിയ എമ്പുരാൻ എത്തുന്നത് എപ്പോൾ? പഴയ പതിപ്പ് കാണാൻ തിയറ്ററുകൾ വൻ തിരക്ക്..
തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ സിനിമയ്ക്ക് എതിരെ സംഘപരിവാർ അനുകൂലികൾ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. വിവാദത്തിന് പിന്നാലെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ട് എന്നാണ് വിവരം.
വില്ലന്റെ പേര് മാറ്റുമെന്നും ചില ഡയലോഗുകൾ മ്യൂട്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രം റീ എഡിറ്റ് ചെയ്ത് എത്തുന്നതിന് മുൻപ് പഴയ പതിപ്പ് കാണാൻ തിയറ്ററിൽ തിരക്കാണ്. പുതിയ പതിപ്പ് വ്യാഴാഴ്ച തിയറ്റുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ പ്രധാന നഗരങ്ങളിലെ തിയറ്റുകളിലെല്ലാം വൻതിരക്കാണ്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമ രംഗങ്ങൾ, കലാപത്തിലെ ചില രംഗങ്ങൾ തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. നിർബന്ധിത റീ സെൻസറിങ് അല്ല മറിച്ച് സിനിമയുടെ നിർമാതാക്കൾ തന്നെ സ്വയം സിനിമയിൽ ചില വെട്ടിത്തിരുത്തലുകൾ നടത്തിക്കൊണ്ട് പരിഷ്ക്കരിച്ച ഒരു പതിപ്പ് സെൻസർ ബോർഡിന് മുന്നിൽ എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഒരു വോളണ്ടറി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂർ സെൻസർ ബോർഡിന് മുന്നാകെ സമർപ്പിക്കുക. നാളെയും മറ്റന്നാളും സെനസർ ബോർഡ് അവധിയായതിനാൽ ചൊവ്വാഴ്ചയായിരിക്കും ഈ വിഷയം ഇനി സെൻസർ ബോർഡ് പരിഗണിനയിൽ എത്തുക. അത് കൊണ്ട് തന്നെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും പുതിയ പതിപ്പ് എത്തുക.
അതേ സമയം ബോക്സ് ഓഫീസിൽ എമ്പുരാൻ മിന്നുംപ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഇതിനകം 100 കോടി ചിത്രം നേടി. ഇപ്പോൾ മറ്റൊരു റെക്കോർഡും സിനിമ നേടിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് ടിക്കറ്റ് വിൽപനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്. 345.11 കെ ടിക്കറ്റാണ് വിറ്റത്. ഓവർസീസിൽ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി എമ്പുരാൻ മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം എമ്പുരാനെ പിന്തുണച്ചും എതിർത്തും ധാരാളം ആളുകൾ രംഗത്ത് എത്തുന്നുണ്ട്. കലയും സാഹിത്യവും സിനിമയും നാടകവുമൊക്കെ അതത് കാലത്തോടുള്ള മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. ഇത്തരം കലാരൂപങ്ങളിലൂടെ ഉയർന്നു വരുന്ന സാമൂഹ്യ വിമർശനങ്ങളെ ഉൾക്കൊണ്ടും അംഗീകരിച്ചും മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്. വിമർശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയിൽ ഒരു സംഘടിത പ്രസ്ഥാനവും വളർത്തിക്കൊണ്ടു വരരുത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications