മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്ക് ഇഡിയുടെ നോട്ടീസ്, വെള്ളിയാഴ്ച കൊച്ചി ഓഫീസിലെത്തണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാനുളള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളായാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് നോട്ടീസ് നല്‍കി. നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.
ഐടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സിഎം രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് വിവരം. ഐടി വകുപ്പിലെ പദ്ധതികളിലടക്കം ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കി എന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. എം ശിവശങ്കറിന്റെ അറസ്റ്റിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുളള കൂടുതല്‍ പേരുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിനെ കൂടാതെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. സിഎം രവീന്ദ്രന്റെ പങ്ക് അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇഡി അടക്കമുളള കേന്ദ്ര അന്വേഷണ ഏജന്‍സികളെ രൂക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നു എന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. അന്വേഷണം ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്. അന്വേഷണ ഏജന്‍സികള്‍ ചെയ്യാന്‍ പോകുന്നത് ചിലര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നു. ചില മൊഴികള്‍ സെലക്ടീവായി മാധ്യമങ്ങളില്‍ വരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം മുന്‍വിധിയോടെ ആകരുത്. തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്നാണ് തോന്നുന്നതെന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സി സ്വീകരിക്കേണ്ട സാധാരണ രീതി പോലും ഇല്ല. ലൈഫ് മിഷന്‍ പദ്ധതിയെ താറടിച്ച് കാട്ടാനുളള ശ്രമം നടക്കുന്നു. ചില മൊഴികള്‍ മാധ്യമങ്ങളില്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.












Click it and Unblock the Notifications