ആത്മകഥ വിവാദം:' വ്യാജരേഖകള്‍ ഉണ്ടാക്കി'; ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍
കണ്ണൂർ: ആത്മകഥ വിവാദത്തിൽ ഡി ജി പിക്ക് പരാതി നൽകി ഇ പി ജയരാജൻ. തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ഇ പി ജയരാജൻ പരാതിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വന്നത് വ്യാജമാണെന്നും വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് ഇതിലൊരു പങ്കുണ്ട്. ഡി സി ബുക്സിന് ഞാൻ കൊടുത്തിട്ടില്ല, ഡി സി ബുക്ക് ചോദിച്ചിട്ടുണ്ട്. മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ ശശിയും ഞാനും തമ്മിൽ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്ന മറുപടിയാണ് അവർക്ക് നൽകിയത്. എന്ത് തെമ്മാടിത്തരം ആണ് കാണിച്ചത്. എന്ത് ധിക്കാരമാണ് കാണിക്കുന്നത്. അതൊന്നും സമ്മതിക്കാൻ പോകുന്നില്ല, എന്നും ജയരാജൻ പറഞ്ഞിരുന്നു.

പുറത്തുവന്ന ഭാഗങ്ങളിൽ രണ്ടാം പിണറായി സർക്കാരിനെതിരെ വിമർശനങ്ങളുണ്ട്. കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പദവി നഷ്ടപ്പെട്ടതിൽ അല്ല പാർട്ടി മനസ്സിലാക്കത്തതിലാണെന്നും പുറത്ത് വന്ന ഭാഗത്ത് ഉണ്ട്. ഒന്നാം പിണറായി സർക്കാരിനെക്കാൾ ദുർബലമാണ് രണ്ടാം പിണറായി സർക്കാരെന്നും വിമർശനം ഉണ്ട്. തിരിത്തൽ വേണമെന്ന് പറഞ്ഞാൽ പോരാ, അടിമുടി വരെ വേണം, സരിൻ നാളെ വയ്യാവേലിയാകുമെന്നാണ് അടുത്ത വിമർശനം.
' കട്ടൻ ചായയും പരിപ്പുവടയും ' എന്നാണ് പുസ്തകത്തിന്റെ പേര്. കവർ ചിത്രം ഡി സി ബുക്സ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു,. ഇ എം എസിന്റെ ഒപ്പം നിൽക്കുന്ന ഫോട്ടയാണ് കവർ ചിത്രം. പല അപ്രിയ സത്യങ്ങളുടെയും തുറന്നുപറച്ചിലുകളുമായി ഇ പി ജയരാജന്റെ കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം ഉടൻ വരുന്നുവെന്നായിരുന്നു കുറിപ്പ്.
ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും പുറത്തുവന്ന ഭാഗത്തിൽ പറയുന്നുണ്ട്. ശോഭ സുരേന്ദ്രനെ ഒരു തവണ മാത്രമാണ് കണ്ടതെന്നും അത് പൊതു സ്ഥലത്ത് വെച്ചായിരുന്നുവെന്നും കൂടിക്കാഴ്ച എന്നും പറയുന്നുണ്ട്.












Click it and Unblock the Notifications