Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരം സ്ഥാപിക്കാന്‍ അറിവില്ലായ്മയെ മാര്‍ഗമാക്കുന്നത് ഫാസിസം; സര്‍ക്കാര്‍ മാവോ ലൈനിലെന്ന് സത്യദീപം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് കെ- റെയില്‍, ലോകായുക്ത വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സര്‍ക്കാരെന്ന് സഭ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തി. പറയുന്നത് മനസ്സിലാകുന്നുണ്ടോ എന്നത് പ്രശ്നമാക്കേണ്ടതില്ല. പറഞ്ഞത് പാര്‍ട്ടിയായതിനാല്‍ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ലെന്ന കുഴപ്പം പിടിച്ച സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ് വികസനത്തിന്റെ അവസാന വണ്ടിയായി കെ-റെയിലിനെ അവതരിപ്പിക്കുന്നതെന്ന് എഡിറ്റോറിയലില്‍ പറയുന്നു.

കെ റെയിലിന് വിമര്‍ശിച്ച് കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ചും എഡിറ്റോറിയലില്‍ പറയുന്നുണ്ട്. ഇത്ര വേഗത്തില്‍ ഇതെങ്ങോട്ടെന്ന് മനസ്സിലാകാഞ്ഞതിനെ ഇടതുസഹയാത്രികനായ കവി കവിതയായി കുറിച്ചപ്പോള്‍ അത് കുറച്ചിലായി തോന്നിയ സഖാക്കള്‍ 'സാമൂഹ്യ' മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠമെന്ന് എഡിറ്റോറിയലില്‍ പരിഹസിക്കുന്നു.

satyadeepam

ജനങ്ങള്‍ക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇത്രയും വലിയ സാമൂഹിക-പാരിസ്ഥിതിക-സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്താണെന്ന് പ്രതിപക്ഷ കക്ഷികളുടെ സംശയത്തെ പാര്‍ട്ടി നിശ്ചയിച്ച 'പൗരപ്രമുഖരെ' വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി 'വിശദീകരിച്ചത്' എന്ന് സത്യദീപം പറയുന്നു.

'പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ-റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടില്‍, മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ല എന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സര്‍ക്കാര്‍. പ്രശ്നം കെ-റെയില്‍ പദ്ധതി മാത്രമല്ല. അത് വന്ന വഴിയുടെ കൂടിയാണ്. ചര്‍ച്ചകളെ ഒഴിവാക്കി, എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടായിരുന്നു, സര്‍ക്കാര്‍ മറുപടി,' എഡിറ്റോറിയലില്‍ പറയുന്നു.

ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിലും അനാവശ്യമായ തിടുക്കത്തിന്റെ ഭരണ വെപ്രാളമുണ്ടെന്നും മുഖപ്രസംഗം പറയുന്നു. ഇടത് സര്‍ക്കാര്‍ തന്നെ നിയമമായി കൊണ്ടുവന്ന 'ലോകായുക്ത' യെ വെറും അന്വേഷണകമ്മീഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരമെന്നും സി പി ഐയുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി സത്യദീപം പറയുന്നു. അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാക്കുന്നത് പ്രാഥമികമായ ഒരു ഫാസിസ്റ്റ് തന്ത്രമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

എല്ലാവര്‍ക്കും രാഷ്ട്രീയമായി തുല്യത നല്കരുത് എന്ന് പറഞ്ഞത് മുസ്സോളിനിയാണെന്നും ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നവരും, സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാസിസ്സത്തിന്റെ വഴിയില്‍ത്തന്നെയാണെന്നും സത്യദീപം മുന്നറിയിപ്പ് നല്‍കുന്നു. ഏതാനും സൈബര്‍ ചാവേറുകളുടെ പ്രതിരോധബലത്തില്‍ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണ്. ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യം പാര്‍ട്ടി മറന്നെങ്കിലും ജനത്തിനിന്നും ഓര്‍മ്മയുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+