Get Updates
Get notified of breaking news, exclusive insights, and must-see stories!

തീയറ്ററിൽ വെച്ച് കുഞ്ഞുങ്ങൾ കരഞ്ഞാലും പുറത്തേക്ക് ഇറങ്ങി ഓടണ്ട; കൈരളിയിലും ശ്രീയിലും 'ബേബി റൂം'

കൊച്ചി; തീയറ്ററിൽ സിനിമ കാണുന്നതിനിടയിൽ കുഞ്ഞുങ്ങൾ കരയുന്നത് സ്ഥിരം സംഭവമാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഈ നേരം മാതാപിതാക്കൾ കുഞ്ഞുങ്ങളേയും കൊണ്ട് തീയറ്ററിന് പുറത്തേക്കോടും. തിരിച്ച് വരുമ്പോഴേക്കും സിനിമ സിനിമയുടെ വഴിക്ക് പോയിട്ടുമുണ്ടാകും. എന്നാൽ തിയേറ്ററിനുള്ളിൽ അസ്വസ്ഥരാകുന്ന കുട്ടികളെ പരിപാലിക്കുന്നതോടൊപ്പം ആസ്വാദനത്തിനു തടസ്സം വരാതെ റൂമുകളിൽ ഇരുന്ന് സിനിമ വീക്ഷിക്കാനുള്ള അവസരം ഒരുക്കുകയാണ് ഇനി കൈരളി , ശ്രീ തീയറ്ററുകൾ. ബേബി റൂമുകൾ എന്ന പേരിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. ബേബി റൂമുകളിൽ പ്രത്യേക ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കെ എസ് എഫ് ഡി സിയുടെ ഉടമസ്ഥതയിൽ ഉള്ള തീയറ്റർ സമ്മുച്ചയത്തിൽ നവീകരണത്തിന്റെ ഭാഗമായാണ് ഇത്തരം പുത്തൻ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇത് മാത്രമല്ല, മറ്റ് പല സൗകര്യങ്ങളും ആധുനിക വത്കരമാണത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ഉദ്ഘാടനം നടക്കാനിരിക്കുന്ന തീയറ്റുകളിലെ സൗകര്യങ്ങളെ കുറിച്ച് മന്ത്രി സജി ചെറിയാൻ പങ്കുവെച്ച കുറിപ്പ് വായിക്കാം

Theatre

തിയേറ്ററുകള്‍ നല്‍കുന്ന സിനിമാസ്വാദനം മറ്റേത് സംവിധാനം വഴിയും കിട്ടുകയില്ല എന്ന അഭിപ്രായക്കാരനായ ഒരു സിനിമാപ്രേമിയാണ് ഞാന്‍. തിയേറ്റർ അന്തരീക്ഷവും ശബ്ദ,വെളിച്ച വിന്യാസവും നമ്മുടെ സിനിമാ അനുഭവത്തെ വലിയ രീതിയില്‍ ഉയര്‍ത്തും. എന്നാല്‍ പലപ്പോഴും തിയേറ്റര്‍ അനുഭവങ്ങള്‍ അലോസരമാകാറുണ്ട്. കൊച്ചുകുട്ടികളുടെ കരച്ചില്‍ അങ്ങനെ ഒന്നാണ്. ഒരേ സമയം മാതാപിതാക്കള്‍ക്കും മറ്റുള്ള കാഴ്ചക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസരമാണ് കുട്ടികള്‍ തിയേറ്ററില്‍ നിന്ന് കരയുന്നത്. ചെറിയ കുട്ടികളെയോ രക്ഷിതാക്കളെയോ നമുക്ക് കുറ്റപ്പെടുത്താന്‍ സാധിക്കില്ലയെങ്കിലും സിനിമ ആസ്വദിക്കാന്‍ പറ്റാതെകുന്നു എന്നത് വസ്തുതയാണ്. ചെറിയ കുട്ടികള്‍ ഉള്ളതിനാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആകരുത് എന്ന് കരുതി തിയേറ്ററില്‍ പോകാതെയിരിക്കുന്ന ഒട്ടനവധി രക്ഷിതാക്കളുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരം കൂടെയാവുകയാണ് നവീകരണത്തിന് ശേഷം നാളെ ഉദ്ഘാടനം ചെയ്യുന്ന തിരുവനന്തപുരം കൈരളി, നിള, ശ്രീ തിയേറ്റര്‍ സമുച്ചയത്തിലെ ആധുനിക സൗകര്യങ്ങള്‍.

കേരള സംസ്ഥാന ചലച്ചിത്ര വികസന സ്ഥാപിതമായതിനു ശേഷം സിനിമാ നിർമ്മാണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾക്കൊപ്പം തന്നെ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചലച്ചിത്ര പ്രദർശന ശൃംഖല സ്ഥാപിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിന് നാന്ദി കുറിച്ചു കൊണ്ടാണ് 1985-ൽ തിരുവനന്തപുരം തമ്പാനൂരിൽ കൈരളി, ശ്രീ എന്നീ രണ്ടു തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചത്. 2012-ൽ കൈരളി തിയേറ്ററിനെ 2 തിയേറ്ററുകളാക്കി വിഭജിച്ചു കൊണ്ട് നിള എന്ന പേരിൽ ഒരു തിയേറ്റർ കൂടി നിലവിൽ വന്നു. ആധുനിക കാലഘട്ടത്തിലെ സിനിമാ അനുഭവങ്ങള്‍ക്ക് ഒപ്പം നില്‍ക്കുവാനായാണ് 12 കോടി രൂപ ചെലവഴിച്ചു തിയേറ്റര്‍ നവീകരണത്തിന് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് തുടക്കമിട്ടത്.
ഈ ആധുനികവല്‍ക്കരണത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് മേല്‍പറഞ്ഞ പ്രശ്നത്തിന് പരിഹാരമാകുന്ന ബേബി റൂമുകള്‍.

തിയേറ്ററിനുള്ളിൽ അസ്വസ്ഥരാകുന്ന കുട്ടികളെ പരിപാലിക്കുന്നതോടൊപ്പം ആസ്വാദനത്തിനു തടസ്സം വരാതെ റൂമുകളിൽ ഇരുന്ന് സിനിമ വീക്ഷിക്കാനാകുമെന്നതാണ് പ്രത്യേകത. ബേബി റൂമുകളിൽ പ്രത്യേക ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സിനിമാ പ്രദർശന ശാലകളിൽ ആദ്യമായാണ് ഇത്തരം സംവിധാനം സജ്ജീകരിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബേബി റൂമുകൾ കൂടാതെ തിയേറ്റർ ലോബിയിൽ പ്രത്യേകമായി ഫീഡിംഗ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ തികച്ചും വനിതാ/ശിശു സൗഹൃദമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് തിയേറ്ററുകളുടെ ആധുനികവൽക്കരണം പൂർത്തിയാക്കിയത്. ഭിന്നശേഷിക്കര്‍ക്കായി റാമ്പ്, വീല്‍ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യം, ആധുനിക ടോയ്ലറ്റ് സൗകര്യം, ശീതീകരിച്ച ലോബികളും ടിക്കറ്റ് കൗണ്ടറുകളും, ഫുഡ് കോര്‍ട്ട്, റീഡിംഗ് റൂം, സി.സി.ടി.വി മ്യൂസിക്‌ സിസ്റ്റം തുടങ്ങി പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെട്ടതുമായ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.
സാങ്കേതികസംവിധാനങ്ങളിലും ഏറ്റവും മികച്ച സൗകര്യങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.

ലോകമെമ്പാടുമുള DCI പ്രൊജക്ടർ നിർമ്മാതാക്കളിലെ ഭീമൻമാരായ "ബാർക്കൊ" എന്ന ബെൽജിയം കമ്പനിയുടെ അത്യാധുനികമായ RGB 4Kലേസർ പ്രൊജക്ടറുകളാണ് 3 തിയേറ്ററിലും സ്ഥാപിച്ചിരിക്കുന്നത്. RGB ലേസർ പ്രൊജക്ടറുകൾക്കു മാത്രമെ SMPTE-യുടെ ആധുനിക നിലവാരമായ REC 2020-ലുളള എല്ലാ നിറങ്ങളും സ്ക്രീനിൽ പുനഃസൃഷ്ടിക്കാൻ കഴിയുകയുള്ളു. അതായത് മുമ്പുണ്ടായിരുന്ന "സെനോൺ ലാമ്പ്" പ്രൊജക്ടറുകളെക്കാൾ വിപുലമായ വര്‍ണരാജി സ്ക്രീനില്‍ കാണാന്‍ പറ്റും. "DOLBY" യുമായി സഹകരിച്ച് അവരുടേതായ അത്യാധുനിക സിനിമ ഓഡിയോ സർവ്വറായ IMS 3000 സർവ്വറുകളാണ് ഈ മൂന്ന് തിയേറ്ററുകളിലും സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ റിലീസ് ആകുന്ന സിനിമകളിലെല്ലാം തന്നെ "DOLBY ATMOS" ശബ്ദ സംവിധാനമാണുളളത്. "DOLBY-യുടെ സാങ്കേതിക വിദഗ്ദർ രൂപകല്പന ചെയ്ത 32 ചാനൽ "DOLBY ATMOS" ശബ്ദ സംവിധാനമാണ് തിയേറ്ററുകളിലും സ്ഥാപിച്ചിരിക്കുന്നത്. ഇതിനു അനുയോജ്യമായ Acoustic treatment തിയേറ്ററുകള്‍ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. തിയേറ്ററുകളുടെ വാതിലുകൾ പ്രദർശനത്തിനിടെ തുറന്നാലും പുറമെയുളള പ്രകാശം അകത്തേക്ക് കടക്കാതിരിക്കുവാനായി ലൈറ്റ് ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

സാംസ്കാരിക വകുപ്പിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നായി ഈ തിയേറ്റര്‍ സമുച്ചയം മാറും എന്നുറപ്പാണ്. നല്ല തിയേറ്റര്‍ സംസ്കാരം ഒരുക്കുക എന്നത് സിനിമാപ്രേമികളുടെയെന്ന പോലെ സര്‍ക്കാരിന്റെയും ആവശ്യവും ലക്ഷ്യവുമാണ്. ആധുനിക സൗകര്യങ്ങള്‍ ഒരുക്കുക എന്നത് മാത്രമല്ല നല്ല തിയേറ്റര്‍ അനുഭവങ്ങളുടെ രഹസ്യം. സിനിമ കാണുന്ന പ്രേക്ഷകരുടെ പെരുമാറ്റം കൂടെ ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. മൊബൈല്‍ ഉപയോഗം, സംഭാഷണങ്ങള്‍ വിളിച്ചു പറയല്‍, തമാശയെന്ന വണ്ണമുള്ള സംസാരങ്ങള്‍, സ്പോയിലറുകൾ പറയൽ തുടങ്ങിയവ ഒഴിവാക്കുവാനും എല്ലാവരും ശ്രദ്ധിക്കണം. ചെയ്യുന്നവര്‍ വലിയ കാര്യമായി കരുതുമ്പോഴും മറ്റുള്ളവരുടെ ആസ്വാദനത്തെ തടസപ്പെടുത്തുന്നവർ കോമാളികളാകുന്നുവെന്നു സ്വയം മനസിലാക്കണം. നല്ല തിയേറ്ററുകളും നല്ല കാണികളും നമ്മുടെ സിനിമാനുഭവങ്ങളെ സമ്പന്നമാക്കട്ടെ.

യുഎയിൽ ആകാശത്ത് വെച്ച് ഡിന്നർ.. ഹെലികോപ്റ്ററിൽ കറക്കം..പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+