വടകരയിൽ സിപിഎമ്മിന് എട്ടിന്റെ പണി, പി ജയരാജന് എതിരെ മത്സരിക്കാൻ മുൻ സിപിഎം നേതാവ്!
തലശ്ശേരി: യുഡിഎഫ് സിറ്റിംഗ് സീറ്റായ വടകര തിരിച്ച് പിടിക്കുക എന്ന അഭിമാന പ്രശ്‌നവുമായാണ് ഇത്തവണ സിപിഎം പി ജയരാജനെ രംഗത്ത് ഇറക്കിയിരിക്കുന്നത്. വടകരയില്‍ ജയരാജനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ആര്‍എംപിയും കച്ചകെട്ടിയിരിക്കുകയാണ്. അതിനിടെ മറ്റൊരു പ്രതിസന്ധി കൂടി സിപിഎമ്മിന്റെ മുന്നിലെത്തിയിരിക്കുന്നു. മുന്‍ സിപിഎം നേതാവ് വടകരയില്‍ ജയരാജന് എതിരായി മത്സരിക്കാനുളള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ സിപിഎം നേതാവും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന സിഒടി നസീര്‍ ആണ് വടകരയില്‍ ജയരാജന് എതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. 'മാറ്റി കുത്തിയാല്‍ മാറ്റാം കാണാം' എന്നതാണ് നസീര്‍ ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.

സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീര്‍ 2015ലാണ് പാര്‍ട്ടിയോട് ആശയപരമായി അകലുകയും പാര്‍ട്ടി വിടുകയും ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ സിപിഎമ്മിന്റെ എഎന്‍ ഷംസീറിനെതിരെ നസീര്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു.
കണ്ണൂരില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് നസീര്‍. പിന്നീട് നസീര്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. വടകരയില്‍ സിപിഎം, കോണ്‍ഗ്രസ് വിമതരുടെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളുമാണ് നസീര്‍ പ്രതീക്ഷിക്കുന്നത്. വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും നസീറിനെ പിന്തിരിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications