മുന്‍ മിസ് കേരള അടക്കമുളളവരുടെ അപകട മരണം: കൊച്ചിയിലെ ഹോട്ടലുടമ അടക്കം 6 പേർ അറസ്റ്റിൽ
കൊച്ചി: മുന്‍ മിസ് കേരള അടക്കമുളളവര്‍ കാറപടകത്തില്‍ മരിച്ച കേസില്‍ അറസ്റ്റ്. ഹോട്ടല്‍ 18 ഉടമ അടക്കം ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, അഞ്ച് ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് ഹോട്ടല്‍ ഉടമ അടക്കമുളളവര്‍ കുടുങ്ങിയത്.

ഫോര്‍ട്ട് കൊച്ചിയിലെ നം. 18 എന്ന ഹോട്ടലിന്റെ ഉടമയായ റോയ് ജോസഫ് വയലാട്ടിനെ വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നവംബര്‍ ഒന്നിന് പുലര്‍ച്ചെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് സമീപത്ത് വെച്ച് നടന്ന കാറപടകത്തില്‍ മുന്‍ മിസ് കേരളയും മോഡലും നടിയുമായ അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പും ആയുര്‍വേദ ഡോക്ടറും കൂടിയായ അഞ്ജന, കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിക് എന്നിവരാണ് മരണപ്പെട്ടത്.

ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ അപകടത്തില്‍പ്പെട്ടവര്‍ പങ്കെടുത്തിരുന്നു. സംഭവ ദിവസം രാത്രി നടന്ന പാര്‍ട്ടിയില്‍ സിനിമാ രംഗത്തെ ചില പ്രമുഖര്‍ അടക്കം പങ്കെടുത്തിരുന്നതായുളള സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇവരില്‍ ചിലരുമായി അന്‍സി കബീര്‍ അടങ്ങിയ സംഘം തര്‍ക്കമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷമാണ് ഹോട്ടലില്‍ നിന്നും പോയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് റോയി വയലാട്ടിന്റെ നിര്‍ദേശ പ്രകാരം സിജു എന്നയാള്‍ ഓഡി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

ഹോട്ടലില്‍ അന്ന് രാത്രിയില്‍ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഹോട്ടലുടമയായ റോയിയുടെ നിര്‍ദേശമാണ് ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത് എന്നാണ് സൂചന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് ഡിവിആറുകള്‍ റോയ് വയലാട്ട് കഴിഞ്ഞ ദിവസം പോലീസിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സംഭവ ദിവസം രാത്രിയിലെ ദൃശ്യങ്ങള്‍ ഇവയില്‍ ഇല്ലെന്നാണ് അറിയുന്നത്.

അപകടം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞതായാണ് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവം നടന്ന ദിവസം ഹോട്ടലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരാണ് ഇവര്‍. ഹോട്ടലുടമ റോയി വയലാട്ട് പറഞ്ഞത് പ്രകാരമാണ് ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞത് എന്നാണ് മൊഴി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായി തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

മോഡലുകളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം സംഭവ ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളില്‍ പല ദുരൂഹതകളും അവശേഷിക്കുന്നുമുണ്ട്. അന്‍സി അടക്കമുളളവരുടെ കാറിനെ ഓഡി കാറില്‍ പിന്തുടര്‍ന്ന സൈജുവിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വാഹനം ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതിനാലാണ് പിന്നാലെ പോയത് എന്നാണ് സജുവിന്റെ മൊഴി.

വാഹനാപകടത്തില്‍ ദുരൂഹതയുണ്ട് എന്നാണ് അന്‍സി കബീറിന്റെ കുടുംബം ആരോപിക്കുന്നത്. മകള്‍ സഞ്ചരിച്ച വാഹനം എന്തിനാണ് പിന്തുടര്‍ന്നത് എന്നത് അടക്കമുളള കാര്യങ്ങളില്‍ വ്യക്തത വേണം എന്ന് അന്‍സിയുടെ പിതാവ് കബീര്‍ ആവശ്യപ്പെടുന്നു. ഹോട്ടലില്‍ വന്ന് പോകുന്ന എല്ലാവരേയും ഇത്തരത്തില്‍ പിന്തുടരാറുണ്ടോ എന്നും ഇവര്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിയതിന് ശേഷം വഴിയില്‍ പലയിടത്ത് വെച്ചും വാക്കുതര്‍ക്കമുണ്ടായി എന്നുളള റിപ്പോര്‍ട്ടുകളുടെ യാഥാര്‍ത്ഥ്യം പുറത്ത് വരണമെന്നും കബീര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications