ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കും: വീണ ജോർജ്, സ്വാഗതാർഹമെന്ന് ട്രാൻസ്ജെൻഡർ
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി നടക്കുന്ന ചൂഷണം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയകൾക്കുള്ള പൊതു മാനദണ്ഡം കൊണ്ടുവരും.കേരളത്തിലെ ആശുപത്രികളെ ട്രാൻസ് സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ സഭയിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയകളെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകും. പ്രത്യേക സമിതി നൽകുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച ശേഷം മന്ത്രിതലത്തിലുള്ള ചർച്ചകൾ കൂടി നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ ഒരു പൊതുമാനദണ്ഡം നിശ്ചയിക്കുകയെന്നും വീണ ജോർജ് പറഞ്ഞു.അതേസമയം, സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും വാഗ്ദാനങ്ങൾ പകുതി വഴിയിൽ അവസാനിപ്പിക്കരുതെന്നും ട്രാൻസ്ജെൻഡർ സീമ വിനീത് 'വൺ ഇന്ത്യ മലയാള'ത്തോട് പ്രതികരിച്ചു.

ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങളിൽ ശാശ്വതമായ ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകും. ശസ്ത്രക്രിയകൾക്കുള്ള പൊതുമാനദണ്ഡം സർക്കാർ തലത്തിൽ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിൻ്റെ മേൽനോട്ടത്തിൽ ഇതേക്കുറിച്ച് പഠിക്കാൻ ഒരു സമിതിക്ക് രൂപം നൽകുമെന്നും വീണ ജോർജ്.

സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെയുള്ള രണ്ട് വിഭാഗം മാത്രമാണുള്ളത്. മൂന്നാമതൊരു വിഭാഗം ട്രാൻസ്ജെൻഡറുകൾക്കു വേണ്ടി പുതുതായി തുടങ്ങുമെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ട്രാൻസ്ജെൻഡറുകൾക്ക് കൂടി പരിഗണന നൽകുന്ന സർക്കാരാണിത്.അവരുടെ ആവശ്യങ്ങൾ കൂടി അനുഭാവപൂർവ്വം കേൾക്കുകയും അതിന് കൂടി പരിഹാരം ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രവർത്തനമാകും ആരോഗ്യവകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി.

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ട്രാൻസ്ജെൻഡറുകളെ ഏത് വിഭാഗത്തിൽ പ്രവേശിപ്പിക്കണമെന്നുള്ള കാര്യത്തിൽ ഇനിയും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതിന് കൂടി പരിഹാരം കാണുന്ന വിധത്തിലാകും ട്രാൻസ് സൗഹൃദ കേന്ദ്രങ്ങളായി ആശുപത്രികളെ മാറ്റുന്ന തീരുമാനം സർക്കാർ കൈക്കൊള്ളുകയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ട്രാൻസ്ജെൻഡർ സീമ വിനീത് 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു. തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം പലപ്പോഴും ലഭിക്കാറില്ല.ആരോഗ്യ വകുപ്പും സർക്കാരുമൊക്കെ പ്രത്യേക പരിഗണന നൽകുന്നതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.

ശസ്ത്രക്രിയകൾക്ക് പൊതുമാനദണ്ഡം വേണമെന്നുള്ളത് ദീർഘനാൾ നിലനിൽക്കണം. ഈ തീരുമാനം പെട്ടെന്ന് അവസാനിപ്പിക്കാൻ പാടില്ല. അഞ്ചു മുതൽ ആറു മാസം വരെയുള്ള കാലയളവിലെ കൗൺസിലിംഗിന് ശേഷം ശസ്ത്രക്രിയ ആരംഭിക്കുന്നതായിരിക്കും ഉചിതമെന്നും സീമ വിനീത് വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികൾക്ക് പുറമേ സർക്കാർ ആശുപത്രികളിൽ കൂടി ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നത് ട്രാൻസ്ജെൻഡറുകൾക്ക് ഉപകാരപ്രദമാകും.ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഡോക്ടർമാരുടെ പരിചയസമ്പത്ത് പ്രധാനഘടകമാണ്. ഇത് കൃത്യമായും പരിശോധിക്കാനും ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നും സീമ വിനീത് ചൂണ്ടിക്കാട്ടി.

മറ്റുളളവരെ പോലെ താനും ലിംഗമാറ്റ ശസ്ത്രക്രിയകൾ കേരളത്തിലാണ് പൂർത്തിയാക്കിയത്. ഔദ്യോഗികമായ രീതിയിൽ കൗൺസിലിങ്ങോ, മാനദണ്ഡങ്ങളോ ഇല്ലാതെയാണ് ശസ്ത്രക്രിയ അന്ന് പൂർത്തിയാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പല തവണയും അപകീർത്തികരമായ സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. തങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിലും ബന്ധപ്പെട്ടവരിൽ അനുഭാവപൂർവ്വമായ നിർദ്ദേശങ്ങൾ ഉണ്ടാകണം. - സീമ വിനീത് പറഞ്ഞു.

അതേ സമയം,കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് കൊച്ചിയിലെ ഫ്ലാറ്റിൽ ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സ് തൂങ്ങിമരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴും അനന്യയുടേത് തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
കേരളത്തിൻ്റെ പൊതുസമൂഹത്തിൽ വലിയ ചലനങ്ങൾക്കാണ് അനന്യയുടെ മരണം സാക്ഷ്യം വഹിച്ചത്. ഇതേ തുടർന്ന് കടുത്ത മാനസിക സമർദ്ദത്തിലായിരുന്ന അനന്യയുടെ പാർട്ണർ ജിജുരാജ് പിന്നീട് ആത്മഹത്യ ചെയ്തതും വാർത്തയായിരുന്നതാണ്.












Click it and Unblock the Notifications