വ്യാജസർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിനെ പുറത്താക്കി സിപിഎം
ആലപ്പുഴ: വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി.
കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗം ആയിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്.
നിഖിലിന്റെത് ഗുരുതരമായ അച്ചടക്ക ലംഘനം ആണെന്ന് പാർട്ടി ജില്ല കമ്മറ്റി വിലയിരുത്തി. നിഖിലിനെ നേരത്തെ എസ്എഫ്‌ഐയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിന് ചേർന്നത് ബികോം ജയിക്കാതെ ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിഖിലിനെ പുറത്താക്കിയിരുന്നത് .

നിഖിൽ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജം ആണെന്നും കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ നിഖിലിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത്. കായംകുളം ടൗൺ ആണ് അവസാന ടവർ ലൊക്കേഷൻ.
നിഖിലിനായി ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തയിരുന്നു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിഖിലിനെ കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷം ആണ് നിഖില്‍ ഒളിവിൽ പോയതെന്നാണ് പോലീസ് സംശയിക്കുന്നത്.
എം എസ് എം കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ നൽകിയിരിക്കുന്ന പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖില്‍ തോമസിനെതിരെ ചുമത്തിയിരിക്കുന്നത്. കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിഖിൽ ഒളിവില്‍ പോവുകയായിരുന്നു.
അതേസമയം നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പോലീസിൽ പരാതി നൽകില്ല. കേരളത്തില്‍ നടക്കുന്ന അന്വേഷണം മതി എന്നാണ് സർവ്വകലാശാലയുടെ തീരുമാനം. നിയമവിദഗ്ധരുമായി വിശദമായി ചർച്ച ചെയ്തതിന് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്,












Click it and Unblock the Notifications