ജോലി അടക്കം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എല്ലാം ചെയ്യും; കെജി എബ്രഹാം
കുവൈത്ത് അപകടത്തിൽ മരിച്ചവരുടെ കുടുംബാങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. കുടംബാംഗങ്ങളെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജോലി അടക്കം കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യും. എട്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അപകടത്തിന് ശേഷം കുവൈത്ത് സർക്കാരും ഇന്ത്യ സർക്കാരും കാര്യക്ഷമമായിത്തന്നെ ഇടപെട്ടു.അപകടം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിച്ചു. ഇരു സർക്കാരുകളോടും നന്ദി അറിയിക്കുന്നു. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്റെ കുട്ടികൾ കേരളത്തിലുള്ള മരിച്ചവരുടെ വീടുകളിൽ സന്ദർശിച്ചിട്ടുണ്ട്. അവർ ഇനി മദ്രാസ്, കർണാടക,ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോകും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്യും.

ഞങ്ങൾ കേരളത്തിൽ പോയപ്പോൾ പലരും മക്കൾക്കും സഹോദരങ്ങൾക്കുമൊക്കെ ജോലി നൽകുമോയെന്ന് ചോദിച്ചിരുന്നു.യാതൊരു ആശങ്കയും വേണ്ട, എന്ത് സഹായം വേണമെങ്കിലും ഞങ്ങൾ ചെയ്യും. കുടുംബങ്ങൾക്ക് എന്ത് സഹായം നൽകാനും ഞങ്ങൾ ബാധ്യസ്ഥരാണ്. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു നടപടികളും വൈകില്ല. വിവരം കേട്ടത് മുതൽ ഞാൻ കരയുകയായിരുന്നു. 25 വർഷത്തോളം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവരൊക്കെ ജീവൻ നഷ്ടപ്പെട്ടു.
കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. അപകടം ഒരിക്കലും ഞങ്ങളുടെ പ്രശ്നം കൊണ്ടല്ല, പക്ഷെ ഞങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാകില്ല.
ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കെട്ടിടത്തിലും ഡയനിങ് ടേബിൾ അടക്കം ഉണ്ട്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചല്ല അപകടം നടന്നത്. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. ആ കെട്ടിടത്തിൽ ഞങ്ങളുടെ ജീവനക്കാർ മാത്രമാണ്. അവർക്ക് ഭക്ഷണവും താമസവുമെല്ലാം സൗജന്യമാണ്. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. 160 പേരോളം അവിടെ കഴിയുന്നുണ്ട്. രാവിലെ പലരും ജോലിക്ക് പോയിരുന്നു.
ചികിത്സയിൽ തുടരുന്നവരുടെ എല്ലാ കാര്യങ്ങളും കമ്പനി നോക്കും. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ല. ഒരു മുറിയിൽ നാല് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications